kerala-police

TOPICS COVERED

കൃത്യമായ സൂചനകള്‍ ഇല്ലാതെയിരുന്നിട്ടും സൈനിക സ്കൂള്‍ വിദ്യാര്‍ഥിയെ പുണെയില്‍ നിന്ന് കണ്ടെത്തി നടക്കാവ് പൊലീസ് . കേസ് അന്വേഷണത്തില്‍ കേരള പൊലീസിന്‍റെ മികവ് അത് വേറെ തന്നെയാണ്. ഈ മിടുക്ക് മലയാളികള്‍ ആവോളം അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ മികവിന്‍റെ ഖ്യാതി  ബീഹാറിലും കൂടി എത്തിയിരിക്കുകയാണ്. കോഴിക്കോട്  മലാപ്പറമ്പ്  സൈനിക സ്കൂളില്‍ നിന്ന് കാണാതായ മകനെ സുരക്ഷിതമായി കണ്ടെത്തി തന്ന കേരള പൊലീസിനോട് നന്ദി പറയുകയാണ് പതിമൂന്നുകാരന്‍റെ മാതാപിതാക്കള്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മാത്രം നടത്തിയ അന്വേഷണത്തില്‍ പൊലീസിന് പ്രതിസന്ധികള്‍ ഏറെയായിരുന്നു. വിദ്യാര്‍ഥിയുടെ കൈയില്‍ ഫോണ്‍ ഇല്ലാത്തതും കുട്ടി എവിടെ പോയെന്നതില്‍ കൃത്യതയില്ലാത്തതും പൊലീസിനെ വലച്ചു. മാര്‍ച്ച് 24ന് പുലര്‍ച്ചേ ഒരുമണിക്ക് ആണ് സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് അതിവിദഗദ്ധമായി വിദ്യാര്‍ഥി കടന്നുകളഞ്ഞത്. പുലര്‍ച്ചെ അഞ്ചോടെയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ കുട്ടി മുങ്ങിയ വിവരം അറിയുന്നത്.  ഹോസ്റ്റലിലെ മൂന്നാം നിലയില്‍ നിന്ന് സ്ലൈഡിങ് ജനലിലൂടെ കേബിളില്‍ തൂങ്ങിയാണ് വിദ്യാര്‍ഥി താഴെയെത്തിയത്. ആരും കണ്ടുപിടിക്കാതെയിരിക്കാന്‍ ഊടുവഴികളും തിരഞ്ഞെടുത്തു

​സിസിടിവി നല്‍കിയ ആദ്യ സൂചന

ഹോസ്റ്റലിന് സമീപമുള്ള സിസിടിവിയില്‍ പതിയാതിരിക്കാന്‍ പതിമൂന്നുകാരന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പൊലീസും ഹോസ്റ്റല്‍ അധികൃതരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വഴിയാണ് തിരഞ്ഞെടുത്തത്. ദേശീയ പാതയ്ക്ക് സമീപമുള്ള സര്‍വീസ് റോഡിലെ മതില്‍ ചാടി കടന്നുപോവാന്‍ സാധ്യതയുണ്ടെന്ന പൊലീസ് ബുദ്ധിയില്‍ നിന്നാണ് ആദ്യ സൂചന തെളിയുന്നത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാമതെ പ്ലാറ്റ് ഫോമിലാണ് നടക്കാവ് പൊലീസ് എത്തിയത്. ഇവിടെ നിന്ന് ട്രെയിന്‍ കയറി  പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥി എത്തിയതായി പൊലീസ് സ്ഥികരീച്ചു. ധന്‍വാദ് എക്സപ്രസില്‍ കയറിയെങ്കിലും മറ്റൊരു ബോഗിയിലൂടെ വിദ്യാര്‍ഥി തിരിച്ചിറങ്ങി. പിന്നീട് പുണെ – കന്യാകുമാരി എക്സപ്രസില്‍ വിദ്യാര്‍ഥി കയറി. പക്ഷേ അവിടെയും പൊലീസിന് പ്രതിസന്ധിയായിരുന്നു ഫലം. പാലക്കാട് മുതല്‍ പുണെ വരെ പ്രധാനപ്പെട്ട 15 ജങ്ഷനുകളാണ് ഉള്ളത്. ഇതില്‍ കുട്ടി എവിടെ ഇറങ്ങിയെന്ന് പൊലീസ് യാതൊരു സൂചനയും ലഭിച്ചില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പുണെയില്‍ പോയി വിദ്യാര്‍ഥിയെ കണ്ടെത്തിയത് പൊലീസിന്‍റെ നിശ്ചയദാര്‍ഢ്യം മാത്രം

തുണയായത് സഹപാഠികളുടെ മൊഴി

കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെയാണ്  പുണെയില്‍ ചായകടയില്‍ ജോലിക്ക് പോയി ജീവിക്കുമെന്ന് വിദ്യാര്‍ഥി മുമ്പ് പലതവണ പറഞ്ഞത് സഹപാഠികള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ മൊഴിയും പുണെ എക്സപ്രസില്‍ വിദ്യാര്‍ഥി കയറിയതും കണക്ട് ചെയ്താണ്  അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പുണെയിലെ റെയില്‍വേ സ്റ്റേഷനിലെ തിരക്കുകാരണം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടിയെ കണ്ടെത്താന്‍ പൊലീസിനായില്ല. 

കടകളിലും ഓട്ടോ സ്റ്റാന്‍ഡിലും ബസ് സ്റ്റാന്‍ഡിലും കുട്ടിയുടെ ചിത്രം കാണിച്ച് പൊലീസ് കയറിയിറങ്ങി. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അന്വേഷണസംഘത്തിന്‍റെ മുമ്പിലൂടെ വിദ്യാര്‍ഥി നടന്നുപോയത് യാദൃശ്ചികമായി. പേരും വിവരവും ആദ്യം  മാറ്റി പറഞ്ഞെങ്കിലും ഒടുവില്‍  കീഴടങ്ങി. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു വിദ്യാര്‍ഥി. സ്കൂള്‍ ഇഷ്ടമില്ലാത്തതിനാലാണ് നാടുവിട്ടതെന്നാണ് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ മൊഴി. കേരള പൊലീസ് മകനെ തിരിച്ചുകൊണ്ടുവരുമെന്ന് മാതാപിതാക്കള്‍ക്ക് നടക്കാവ് എസ് എച്ച് ഒ പ്രജീഷ്  ഉറപ്പുനല്‍കിയിരുന്നു . കേരള പൊലീസിന്‍റെ ടീം വര്‍ക്കിന്‍റെ കൂടി ഫലമാണ് വിദ്യാര്‍ഥിയെ തിരിച്ച് നാട്ടിലെത്തിക്കാനായത്.

ENGLISH SUMMARY:

​Despite no clues, police track down Sainik School student from Pune