Image Credit: X/HateDetectors
ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ കൊലപാതകത്തിന് കാരണം മൊബൈലില്‍ പാട്ടുവച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കം. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ പ്രൊജക്ട് മാനേജറായിരുന്ന രാകേഷ് ഖേദേക്കറാണ് ഭാര്യ ഗൗരി സംബ്രേക്കറെ കൊലപ്പെടുത്തിയത്. മുംബൈ സ്വദേശികളായ ഇരുവരും താമസിച്ചിരുന്ന ബെംഗളൂരു ഹുളിമാവിന് സമീപം ദൊഡ്ഡകമ്മനഹള്ളിയിലെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്.
മാര്‍ച്ച് 26 ന് നടന്ന കൊലപാതകത്തില്‍ പ്രതിയായ രാകേഷിനെ ഏപ്രില്‍ രണ്ടിനാണ് പൊലീസ് പിടികൂടിയത്. തന്‍റെ മാതാപിതാക്കളെയും സഹോദരിയെയും ഭാര്യ സ്ഥിരമായി അധിക്ഷേപിക്കാറുണ്ടെന്ന് രാകേഷ് പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയിലുണ്ട്. വീട്ടിലും വീടിന് പുറത്തും മാതാപിതാതാക്കളെ പരിഹസിച്ചു. ബെംഗളൂരുവിലേക്ക് മാറാമെന്നും പുതിയ ജോലി നോക്കാമെന്നുമുള്ള ഭാര്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് താമസം മാറിയതെന്നും രാകേഷിന്‍റെ മൊഴിയിലുണ്ട്.
സ്കൂള്‍ കാലം തൊട്ട് പ്രണയത്തിലായിരുന്നു. അന്ന് തൊട്ടെ തന്നില്‍ അധികാരം സ്ഥാപിക്കുന്ന സ്വഭാവമായിരുന്നു ഗൗരിക്കെന്നും രാകേഷ് മൊഴി നല്‍കി. ബെംഗളൂരുവില്‍ ഗൗരിക്ക് ജോലി ശരിയാവാത്തതിനെ തുടര്‍ന്ന് മുംബൈയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മാര്‍ച്ച് 26 ന് ജോലിക്ക് ശേഷം രാത്രി ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. രാകേഷ് മദ്യപിക്കുന്നതിനിടെ ഇഷ്ടപെട്ട പാട്ടുകള്‍ വെയ്ക്കുന്നതായിരുന്നു ഗൗരിയുടെ ജോലി.
ഇതിനിടെ അച്ഛന്‍– മകന്‍ ബന്ധത്തെ പറ്റി പറയുന്ന മറാത്തി ഗാനം ഗൗരി പ്ലേ ചെയ്യുകയും അതിനെ പറ്റി കമന്‍റ് ചെയ്യുകയുമായിരുന്നു. തമാശ രൂപേണ രാകേഷിന്‍റെ മുഖത്തേക്ക് ഗൗരി കാറ്റൂതി വിട്ടു. ഇതിന്‍റെ ദേഷ്യത്തില്‍ രാകേഷ് ഗൗരിയെ പിടിച്ചുതള്ളുകയും അടുക്കയിലേക്ക് വീഴുകയുമായിരുന്നു. ദേഷ്യത്തില്‍ ഗൗരി കയ്യിലുള്ള കത്തി രാകേഷിന് നേര്‍ക്ക് വലിച്ചെറിഞ്ഞു.
തര്‍ക്കത്തിനൊടുവില്‍ രാകേഷ് കത്തിയെടുത്ത് കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നു. ചോരവാര്‍ന്നിരിക്കുന്നതിനിടെ കുത്താനുണ്ടായ കാരണം രാകേഷ് ഗൗരിയോട് വിശദീകരിച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മുംബൈയിലേക്ക് മടങ്ങാന്‍ ഭാര്യ കാലിയാക്കിയ വെച്ച സ്യൂട്ട്കേസില്‍ മൃതദേഹം മാറ്റി. സ്യൂട്ട്കേസ് ശുചിമുറിയിലേക്ക് വലിക്കുമ്പോൾ അതിന്റെ ഹാൻഡിൽ പൊട്ടി. രക്തം കളയാൻ രാകേഷ് സ്യൂട്ട്കേസ് ശുചിമുറിക്ക് സമീപം മാറ്റിയതായും രാകേഷിന്‍റെ മൊഴിയിലുണ്ട്. വീട് വൃത്തിയാക്കി മൃതദേഹം പുറത്തെടുക്കാനായിരുന്നു പദ്ധതിയെങ്കിലും ഇത് പാളി. തുടര്‍ന്ന വീട് പൂട്ടി മുംബൈയിലേക്ക് കടക്കുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.