വൈപ്പിനില്‍ കാർ ഷോറൂം മാനേജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായത് അടുത്ത സുഹൃത്തും സമീപവാസിയുമായ യുവാവ്. പള്ളിപ്പുറം മാവുങ്കൽ സ്മിനുവിന്‍റെ (40) കൊലപാതകത്തിലാണ് മുനമ്പം ഹാർബറിലെ മത്സ്യ കയറ്റിറക്ക് തൊഴിലാളി പള്ളിപ്പുറം സനീഷിനെ (34 ) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തേ ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെടാത്ത യുവാവാണ് സനീഷ്. സാമ്പത്തിക ബാദ്ധ്യതയെ തുടർന്നാണ് സ്മിനുവിനെ കൊന്ന് സ്വർണാഭരണം മോഷ്ടിക്കാന്‍ തീരുമാനിച്ചതെന്ന് സനീഷ് മൊഴി നൽകി. സ്മിനുവിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച മഴു ആമസോൺ വഴി നേരത്തേ തന്നെ വാങ്ങി ഇയാള്‍ വീട്ടിൽ സൂക്ഷിച്ചിരുന്നു.
കാർ ഷോറൂം മാനേജരായ സ്മിനുവിനെ വെള്ളിയാഴ്ച രാത്രി സനീഷ് ഫോണിൽ വിളിച്ചിരുന്നു. വീട്ടിലെത്തുന്നത് എപ്പോഴാണ്, ഒരു കാര്യം സംസാരിക്കാനുണ്ട് എന്നാണ് ഇയാള്‍ ഫോണില്‍ പറഞ്ഞത്. എന്നാല്‍ സ്മിനു വീട്ടിലെത്തുന്നതിന് മുമ്പേ അവിടെയെത്തി സനീഷ് ഒളിച്ചിരുന്നു. സ്മിനു പോർച്ചിൽ കയറിയപ്പോൾ ചവിട്ടി വീഴ്‌ത്തിയ ശേഷം ആമസോൺ വഴി നേരത്തേ തന്നെ വാങ്ങി സൂക്ഷിച്ചിരുന്ന മഴു കൊണ്ട് വെട്ടുകയായിരുന്നു
ക്രൂരമായി വെട്ടിപ്പരുക്കേല്പിച്ച്, മരണം ഉറപ്പാക്കിയ ശേഷമാണ് ദേഹത്തുണ്ടായിരുന്ന സ്വർണ മാലയും മോതിരവും മൊബൈൽ ഫോണും കവർന്നത്. മാലയും മോതിരവും മുനമ്പം പൊലീസ് കണ്ടെടുത്തു. മുനമ്പം ഡിവൈ.എസ്.പി ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.