അസഹിഷ്ണുതയുടെ അങ്ങേയറ്റമായി മാറുന്ന സ്ഥിതിയിലാണ് മനുഷ്യര്‍. ഏറ്റവും പ്രിയപ്പെട്ടവരോട്പോലും ക്ഷമിക്കാനോ സഹിക്കാനോ പറ്റാത്ത അവസ്ഥ. ചെറിയ കാര്യങ്ങളില്‍ പോലും സംസാരിച്ചു തീര്‍ക്കേണ്ട കാര്യങ്ങള്‍ മര്‍ദിച്ചും ആക്രമിച്ചും കൊലപ്പെടുത്തിയും തീര്‍ക്കുന്ന സാഹചര്യമാണ് പലപ്പോഴും കാണാനാവുന്നത്. സഹോദരങ്ങള്‍ തമ്മിലുള്ള ചെറിയ തര്‍ക്കം ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലെത്തിയിരിക്കുന്നു.
ചായപ്പാത്രം ഉപയോഗിച്ചുള്ള ജ്യേഷ്ഠന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചതായുള്ള വാര്‍ത്തയാണ് കോഴിക്കോട്ട് നിന്നുംവരുന്നത്. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസൽ ആണ് മരിച്ചത്. 35 വയസായിരുന്നു.
ചെറിയ തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി.പി.ഷാജഹാൻ (40) ചായപ്പാത്രം ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഫൈസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന ഫൈസല്‍ പിന്നാലെ മരിച്ചു.കൊലപാതക കുറ്റം ചുമത്തി പൊലീസ് ഷാജഹാനെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.