മരടില്‍ പ്രീ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുഞ്ഞുങ്ങളും ആയയും മരിച്ചതിനെ തുടര്‍ന്ന് ജില്ലകള്‍ തോറും മോട്ടോര്‍ വാഹന വകുപ്പ് സ്കൂള്‍ വാഹനങ്ങള്‍ പരിശോധിക്കുകയാണ്. ഏതു സമയത്തും വീണ്ടുമൊരു അപകടം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നാണ് ഈ പരിശോധനകളില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍. മദ്യപിച്ച് വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍, കുട്ടികളെ കുത്തിനിറച്ച വാഹനങ്ങള്‍, നിയമലംഘനങ്ങളുടെ നീണ്ട പട്ടികയും. ഒന്നും പുതിയ കാര്യമല്ലല്ലോ എന്ന് ഒരാള്‍ക്കു തോന്നിയാല്‍ അതാണ് സത്യം. ഒന്നും പുതിയകാര്യമല്ല. പക്ഷേ ഈ തീക്കളി കണ്ടുപിടിക്കാന്‍ ജീവനുകള്‍ തന്നെ ബലികൊടുക്കണം. 9 മണി ചര്‍ച്ച ഉന്നയിക്കുന്ന ചോദ്യം ഇതാണ്– സ്കൂള്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ എന്തുകൊണ്ടാണ് നമുക്ക് അവസാനിപ്പിക്കാന്‍ കഴിയാത്തത്? 10 വര്‍ഷം മുന്‍പ് ചോദിക്കപ്പെട്ട ചോദ്യങ്ങള്‍ വീണ്ടും ചോദിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?