ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയുടെ നേതാവാണ് ഈ പറയുന്നത്. ബിനോയ് വിശ്വവും ജനയുഗവും ഇതുപറയാന്‍ തുടങ്ങിയിട്ട് ദിവസം കുറേയായി. പക്ഷേ ആര്‍എസ്എസ് നേതാക്കളുമായി മാറി മാറി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തുന്ന, ബിജെപിയുടെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം കലക്കിയെന്ന് സിപിഐ വിശ്വസിക്കുന്ന എഡിജിപി അജിത്കുമാറിന്‍റെ രോമത്തില്‍ തൊടാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഇടതുപക്ഷ മൂല്യങ്ങളെ കുറിച്ച് ഇടക്കിടക്ക് ഇങ്ങനെ ബിനോയ് വിശ്വത്തിന് ഓര്‍മിപ്പിക്കാമെന്ന് മാത്രം. ക്രമസമാധാന ചുമതലയുളള എഡിജിപിക്കസേരയിലിരുന്ന് എം ആര്‍ അജിത്കുമാര്‍ സിപിഐ നേതാക്കളെ നോക്കി അക്ഷരാര്‍ത്ഥത്തില്‍ പരിഹസിച്ച് ചിരിക്കുന്നു. ഘടകകക്ഷിയുടെ ആവശ്യത്തിന് പിണറായി വിജയന്‍ പുല്ലുവില കൊടുക്കുന്നതെന്ത്? എംഎന്‍ സ്മാരകത്തിന് മുകളില്‍ അജിത്കുമാറിനെ പ്രതിഷ്ഠിക്കുന്നതെന്തിന്? സിപിഐയെ ആര് കേള്‍ക്കാന്‍?