സ്വന്തം കേസ് സ്വയം അന്വേഷിക്കാന്‍ അധികാരമുള്ള ഇന്ത്യയിലെ തന്നെ ഏക ഐപിഎസ് ഉദ്യോഗസ്ഥനാവണം എഡിജിപി അജിത് കുമാര്‍. പൂരം കലക്കലും ആര്‍എസ്എസ് ബന്ധവും അനധികൃതസ്വത്ത് സമ്പാദനവും അടക്കം നാല് അന്വേഷണം നേരിടുന്ന അജിത്ത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി കസേരയില്‍ നിന്ന് തല്‍ക്കാലം അനക്കില്ല എന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നണിക്കും മുകളിലാണ്  എഡിജിപി എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. അപമാനിതരായെങ്കിലും സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പോലും ഒരച്ചയനക്കമുണ്ടാക്കിയതായി അറിവില്ല.  റിപ്പോര്‍ട്ട് വന്നാലുടന്‍ മാറ്റാമെന്ന് ബിനോയ് വിശ്വത്തോട് മുഖ്യമന്ത്രി പറഞ്ഞത്രെ. അജിത്ത് കുമറിന് വീഴ്ച ഉണ്ടെന്ന് ഒരിക്കല്‍ കണ്ടെത്തിയ ഡിജിപിയോട് അതേ കാര്യം വീണ്ടും അന്വേഷിക്കാന്‍ പറഞ്ഞിരിക്കുകയാണ്. ഒരു മാസം മുന്‍പ് തുടങ്ങിയ അന്വേഷണത്തില്‍  മുഖ്യമന്ത്രിക്ക് തൃപ്തിയാവാത്തതെന്ത്? അജിത്ത് കുമാറിന്‍റെ കാര്യത്തില്‍ ഒരു പ്രത്യേക തരം അന്വേഷണമോ?