വയനാട് ലോക്സഭ മണ്ഡലത്തിലെ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മല്‍സരത്തെയും വിജയത്തെയും കുറിച്ച് രണ്ട് ദേശീയ നേതാക്കളുടെ പ്രതികരണങ്ങളാണ് ഈ കേട്ടത്. ഒന്ന് അന്നത്തെ ബിജെപി ദേശീയ പ്രസിഡന്‍റായിരിക്കെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയത്. മറ്റൊന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍റെത്. രണ്ടും തമ്മിലുള്ള സമാനത ഏറെ വലുതാണ്. കോണ്‍ഗ്രസ് നേതാക്കളുടെ വയനാട്ടിലെ വിജയത്തിന് പിന്നില്‍ മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയുണ്ടെന്നാണ് ചുരുക്കം. മലപ്പുറം കള്ളക്കടത്തിന്‍റെ കേന്ദ്രമെന്ന മുഖ്യമന്ത്രിയുടെ അഭിമുഖം, പാണക്കാട് തങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെ പെരുമാറുന്നയാള്‍ എന്ന പിണറായി വിജയന്‍റെ പ്രസ്താവന, മെക് 7 ന് പിന്നില്‍ തീവ്രവര്‍ഗീയ ശക്തികളെന്ന പി.മോഹനന്‍റെ പ്രസ്ഥാവന, വടകരയിലെ അജ്ഞാതമായ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ഇതിനെല്ലാം ശേഷമാണ് വിജയരാഘവന്‍റെ വയനാട് പരാമര്‍ശം. പച്ചക്കൊടി കണ്ടാല്‍ പാക്കിസ്ഥാനെന്ന് തോന്നുന്ന അതേ മാനസികാവസ്ഥയിലേക്ക് പോവുകയാണോ സിപിഎമ്മും? വര്‍ഗീയത ആരുടെ വഴി ?