കടല്‍ മണല്‍ ഖനനം കാര്യം നിസാരമല്ല. 2023 ലെ ഓഫ്ഷോര്‍ ഏരിയാ മിനറല്‍ നിയമ ഭേദഗതിയുടെ ബലത്തില്‍ കേരളത്തില്‍ കടലില്‍.. കൊല്ലം പരപ്പില്‍, ആഴത്തില്‍ കുഴിച്ച് മണലെടുക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനം. അതുണ്ടാക്കുന്ന ആഘാതതത്തെപ്പറ്റി ഒരു പേപ്പര്‍ തുണ്ടിന്‍റെ പഠനബലം പോലുമില്ലാതെ സ്വകാര്യ വന്‍കിട കമ്പനികളില്‍ നിന്ന് ടെണ്ടറും വിളിച്ചു. കടലടിത്തട്ട് ഇളക്കി മറിച്ച്, മുകള്‍ പാളി നാമവശേഷമാക്കി, എക്കലും ചളിയും മൂടി മല്‍സ്യസമ്പത്തിനെ, കടലിന്‍റെ സ്വാഭാവികതയെ ആകെ തകര്‍ക്കുന്ന അതുവഴി തീരത്തെ മനുഷ്യനെ മല്‍സ്യത്തൊഴിലാളിയെ തകര്‍ക്കുന്ന പദ്ധതിയെന്ന ആശങ്ക കടലോളം പരന്നുകഴിഞ്ഞു. ഇന്നലെ 24 മണിക്കൂര്‍.. ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളമാകെ തീരദേശ ഹര്‍ത്താലും കണ്ടു. ഇതോടെ, കുഴിക്കും മുമ്പ് പഠിക്കും എന്ന ഒരു പ്രതികരണം കേന്ദ്രത്തില്‍ നിന്ന് വന്നിട്ടുണ്ട്. ഖനന മന്ത്രാലയ സെക്രട്ടറി വി.എല്‍. കാന്തറാവു പറയുന്നു പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന്. പക്ഷേ, ടെന്‍റര്‍ നടപടി നിര്‍ത്തി വയ്ക്കാതെ എന്ത് പഠനം ? അത് കണ്ണില്‍ പൊടിയിടലോ ? ഈ പദ്ധതിയെ എതിര്‍ക്കുന്നു എന്നമട്ടില്‍ ചിലത് പറഞ്ഞ് കേന്ദ്രത്തിന് ഒത്താശ ചെയ്യുകയാണ് പിണറായി സര്‍ക്കാരെന്ന് ഇതിനിടയ്ക്ക് കോണ്‍ഗ്രസ് വിമര്‍ശനം. ഒന്നിച്ച് സമരത്തിന് തയാറാകാതെ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു എന്ന് സിപിഎമ്മും. ആ പോരും കനക്കുന്നു– കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– കണ്ണടച്ച് കടല്‍ കൊള്ളയ്ക്ക് കോപ്പുകൂട്ടുകയാണോ ? ആരൊക്കെ ?