രാജ്ഭവനുകള്‍ നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നത്, ഗവര്‍ണര്‍മാര്‍ കേന്ദ്ര ഭരണത്തിന്‍റെ ചട്ടുകമാകുന്നത് ഇപ്പോഴല്ല. ഭരണഘടന നല്‍കിയ അവകാശങ്ങള്‍ക്കുമേല്‍ പറന്നിറങ്ങുന്നതും ജനാധിപത്യത്തെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതിന്റെയും ചരിത്രം അങ്ങ് 1950കളിലേ തുടങ്ങിയതാണ്. കോടതികളുടെ ഇടപെടലുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, മുന്നറിയിപ്പുകള്‍ എല്ലാമുണ്ടായിട്ടും അതങ്ങനെ അവിരാമം പലപ്പോഴും ആവര്‍ത്തിച്ചു പക്ഷെ. പല സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരുടെ അത്തരം നീക്കങ്ങള്‍ക്കെതിരെ സുപ്രീംകോടതിയിലെത്തി, കേരളമടക്കം. അങ്ങനെ ഒന്നരവര്‍ഷംമുമ്പ് പരമോന്നത കോടതിയെ സമീപിച്ച തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് കിട്ടുന്നത് കേവലം അനുകൂല വിധിയല്ല, ചരിത്രവിധിയാണ്. അതവര്‍ക്ക് മാത്രം ബാധകവുമല്ല. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുതെന്നും മൂന്നുമാസത്തിനകം തീരുമാനംവേണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പത്ത് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍.രവിയുടെ നടപടി റദ്ദാക്കി, ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്ന് വിധിച്ചു. തീര്‍ന്നില്ല, എന്തൊക്കെയാണ് ഗവര്‍ണരുടെ മുന്നിലെ സാധ്യതകളെന്ന് വീണ്ടും എഴുതിവച്ചു കോടതി, അതിനും സമയക്രമവും സംശയത്തിന് ഇടയില്ലാതെ പറഞ്ഞുവച്ചു. അപ്പോള്‍ ഈ ആഘാതം തമിഴ്നാട് ഗവര്‍ണര്‍ക്ക് മാത്രമുള്ളതോ? ആര്‍ക്കൊക്കെ കിട്ടുന്ന അടിയാണിത്? മുമ്പും പല ഇടപെടലുകള്‍ കോടതി നടത്തിയിട്ടുണ്ട് എന്ന ചരിത്രംകൂടി ഓര്‍ക്കുമ്പോള്‍, കൗണ്ടര്‍പോയന്‍റ് ചര്‍ച്ച ചെയ്യുന്നു ആ ഗവര്‍ണര്‍മാര്‍ നന്നാകുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമുണ്ടോ?