മലയാള സിനിമരംഗത്തെ പ്രവാസിയായ വനിതാ നിർമാതാവിനെയാണ് ഇനി പരിചയപ്പെടുത്തുന്നത്. തീയറ്ററുകളിൽ ചിരിപടർത്തി മുന്നേറുന്ന പടയോട്ടം അടക്കം നാലു ചിത്രങ്ങളാണ് കൊല്ലം സ്വദേശിയും ദുബായിൽ വ്യവസായിയുമായ സോഫിയ പോൾ നിർമിച്ചത്. പ്രവാസിയായ വനിത നിർമാതാവെന്ന വേഷത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സോഫിയ പോൾ ദുബായിൽ മനോരമ ന്യൂസിനോട് സംസാരിക്കുന്നു.

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ചെങ്കര രഘുവിനെ കേരളം നിറഞ്ഞ ചിരിയോടെ ഏറ്റെടുത്ത കാഴ്ച ഇവിടെ ദുബായിലെ വീട്ടിലിരുന്നു സന്തോഷത്തോടെ കാണുകയാണ് സോഫിയാ പോൾ. കെട്ടിലും മട്ടിലും പുതുമകളോടെ അവതരിപ്പിച്ച സിനിമയ്ക്ക് നാലാൾ നല്ലതുപറയുന്നതിന്റെ സന്തോഷം. പ്രളയക്കെടുതി കാരണം റിലീസ് താമസിപ്പിച്ചെങ്കിലും നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകർ പടയോട്ടത്തിനൊപ്പം നിന്നതിന്റെ സന്തോഷം.

ബിജു മേനോന്റെ ഒടുവിലത്തെ മൂന്നു ചിത്രങ്ങളും ഹിറ്റ് ചാർട്ടിലിടം നേടാതിരുന്നതിന്റെ ആശങ്കകൾക്കിടയിലാണ് വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ് പടയോട്ടം റ്റെടുത്തത്. പക്ഷേ, പ്രതീക്ഷ തെറ്റിക്കാതെ പ്രേക്ഷകർ സിനിമ ആഘോഷമാക്കി. 

അപൂർവമായി മാത്രമാണ് മലയാളസിനിമാ നിർമാണമേഖലയിൽ  സ്ത്രീകൾ ഇടം പിടിച്ചിട്ടുള്ളത്. അതിൽ തന്നെ പ്രവാസലോകത്തെ വ്യവസായിയായ വനിത അത്യപൂർവവും. ആ ഇടത്തിലേക്കാണ് കൊല്ലം സ്വദേശി സോഫിയ പോൾ വിജയത്തോടെ ചേക്കേറിയത്. ബാംഗ്ളൂർ ഡെയ്സിന്റെ കോ പ്രോഡ്യൂസറായി തുടങ്ങിയ നിർമാതാവെന്ന പട്ടം നാലാം സിനിമയായ പടയോട്ടത്തിൽ എത്തിനിൽക്കുന്നു. വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സിലൂടെയുള്ള നിർമാതാവിന്റെ വേഷം അപ്രതീക്ഷിതമായിരുന്നില്ലെന്ന് സിനിമയെ ഏറെ സ്നേഹിക്കുന്ന സോഫിയാ പോളിന്റെ വിശദീകരണം.

ബാംഗ്ളൂർ ഡെയ്സിന്റെ വിജയത്തിനു പിന്നാലെയായിരുന്നു കൊമേഴ്ഷ്യൽ ചേരുവകളില്ലാത്ത കാടു പൂക്കുന്ന നേരം ഏറ്റെടുക്കുന്നത്. സിനിമയോടുള്ള പ്രണയം കൊണ്ടാണ് കലാമൂല്യമേറിയ ഡോക്ടർ ബിജുവിന്റെ ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്തത്. കുടുംബം മുഴുവൻ മോഹൻലാൽ ആരാധകരാണ്. അതിനാൽ തന്നെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ചിത്രം നിർമിക്കാൻ അവസരം ലഭിച്ചത് സ്വപ്നസാഫല്യമായിരുന്നു. ചിത്രത്തിലെ നടിയായി മീനയെ നിശ്ചയിച്ചതിനു പിന്നിലും ഒരു കഥയുണ്ട്.

ഭർത്താവ് പോളിന്റേയും രണ്ടു മക്കളുടേയും പൂർണപിന്തുണയാണ് നിർമാതാവെന്ന നിലയിലെ വിജയത്തിന് കാരണം. കഥ കേൾക്കുന്നതിൽ തുടങ്ങി സിനിമയുടെ ആദ്യാവസാനം കൂടെയുണ്ടാകുന്നുവെന്നത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണെന്നും സോഫിയ പോളിന്റെ സാക്ഷ്യം.