ചോരപൊടിയുന്ന കണ്ണുകൾ, കുറ്റിയായി വെട്ടിയ മുടി, നെറ്റിയിലെ വെട്ടേറ്റ മുറിപ്പാട് , ആ മുഖത്തേക്ക് ഒന്ന് നോക്കിയാൽ ആരും വിറയ്ക്കും. പാതികുടിച്ച ചൂട് ചായ വലിച്ചെറിഞ്ഞ് വലതുകയ്യിൽ കത്തിയുമായി അയാൾ ഓടി, ആള്‍ക്കൂട്ടത്തിനിടയിലേക്ക്. അങ്ങാടിയില്‍ കാഴ്ച്കാരായി കൂടിയവര്‍ക്ക് നടുവില്‍ നിര്‍വകാരനായിരിക്കുന്ന സേതുമാധവനെ കണ്ട് ഒരു നിമിഷം നിന്നു.പിന്നെ ഒരു കൊലച്ചിരിയായിരുന്നു. കാത്തിരുന്ന ഇരയെ മുന്നിൽ കിട്ടിയതിന്‍റെ ആഹ്ളാദം. ആ ചോരകണ്ണിന്‍റെ ക്ലോസും വൈഡും ഷോട്ടുകളില്‍ മിന്നിമായുന്ന പ്രതിനായകനെ കണ്ട് പ്രേക്ഷകുടെയും ഉള്ളുകാളി. സേതുമാധവൻ അടിച്ച് വീഴ്ത്തിയ കീരിക്കാടൻ ജോസ് അത്രയ്ക്ക് ക്രൂരനായിരുന്നു. ‘കീരിക്കാടൻ ചത്തേ’യെന്ന് കൊച്ചിൻഹനീഫ വിളിച്ചുപറയുമ്പോൾ പ്രേക്ഷകർ അത് ഏറ്റെടുത്തു, കയ്യടിച്ചു ,കിരീടവും സേതുമാധവനും എത്രത്തോളം വാഴ്ത്തപ്പെട്ടോ അത്രത്തോളം കീരിക്കാടനും വാഴ്ത്തപ്പെട്ടു. ആ കഥാപാത്രം ചാർത്തിയ പേരുമായി അറിയപ്പെട്ട, അല്ലെങ്കിൽ ജീവിച്ച നടൻ, മോഹൻരാജ് എന്ന കീരിക്കാടൻ ജോസ്.
കീരിക്കാടൻ ജോസില്ലെങ്കിൽ കിരീടം ഇല്ല, കീരിക്കാടനാണ് കിരീടത്തിന്‍റെ നട്ടെല്ലെന്ന് ലോഹിതദാസ് പലകുറി പറഞ്ഞിട്ടുണ്ട്. ജീവിക്കാൻ വേണ്ടിയാണെങ്കിലും കീരിക്കാടനെ തല്ലിത്തോല്‍പിച്ചാണ് സേതുമാധവൻ നായകനാവുന്നത്. അതുകൊണ്ട് തന്നെയാണ് കിരീടത്തിന്‍റെ ക്ലൈമാക്സും, 'കീരിക്കാടൻ ജോസിന്‍റെ ആകാരവും പ്രേക്ഷക മനസിൽ ഇന്നും നിലനല്‍ക്കുന്നത്. മോഹന്‍രാജെന്ന നടന്‍ തന്‍റെ ചലച്ചിത്ര ജീവിതത്തില്‍ വില്ലന്‍വേഷങ്ങള്‍ പലത് കെട്ടിയാടി. പക്ഷേ രൂപം കൊണ്ടും ശബ്ദംകൊണ്ടും കീരിക്കാടനോളം പോന്നൊരുവില്ലന്‍ പിന്നെയുണ്ടായില്ല. കീരിക്കാടനെന്ന വട്ടപ്പേരിനു മുന്നില്‍ മോഹൻരാജെന്ന പേര് മാഞ്ഞുപോയതും അതുകൊണ്ടുതന്നെ.
മുറിച്ചിട്ടാല്‍ മുറി കൂടുന്ന കീരിക്കാടൻ ജോസ്, കൈവെച്ചാൽ എടുക്കാൻ വിഷമമുള്ള നരസിംഹത്തിലെ ഭാസ്‌കരൻ; നാലാൾ കൂടുന്ന അങ്ങാടിയിലേക്ക് ജഗന്നാഥനെ വെല്ലുവിളിച്ച ആറാം തമ്പുരാനിലെ ചെങ്കളം മാധവൻ, ഹലോയിലെ റിട്ടയേഡ് ഗുണ്ട പട്ടാമ്പി രവി, കനൽക്കാറ്റിലെ കരീം ഭായ്, മുള്ളങ്കൊലി വേലായുധനെ തല്ലിതോൽപ്പിക്കാൻ വരുന്ന നരനിലെ കുറ്റിച്ചിറ പപ്പൻ, മോഹൻരാജ് എന്ന കീരിക്കാടൻ അനശ്വരമാക്കിയ വേഷങ്ങള്‍.
നായകനോളം പ്രേക്ഷകമനസില്‍ കുടിയേണമെങ്കില്‍ വില്ലനും അതിനൊത്ത വലുപ്പം വേണം . മൂന്നുപതിറ്റാണ്ടിലേറെ മലായളസിനിമയിലെ ആ വില്ലന്‍റെ മുഖമായിരുന്നു മോഹന്‍രാജ് . കരുത്തുള്ള നായകന് മാത്രം തല്ലി തോല്‍പിക്കാന്‍ കഴിയുന്ന വില്ലന്‍. ആറാം തമ്പുരാനിലും നരനിലും നരസിംഹത്തിലും മോഹന്‍ലാല്‍ അവതരിപ്പിച്ച നായകന്‍മാര്‍ കരുത്തരായത് മോഹന്‍രാജിലെ വില്ലന്‍മാരെ തല്ലിത്തോല്‍പ്പിച്ചാണ്. ഹലോയിലെ റിട്ടയേഡ് ഗുണ്ട പട്ടാമ്പി രവിയാകട്ടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തു.