kamalhassan-profile

TOPICS COVERED

1960 ഓഗസ്‌റ്റ് 12. ഈ ദിവസത്തിന് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വലിയ പ്രത്യേകതയുണ്ട്. അന്നായിരുന്നു ആറുവയസ്സുള്ള ഒരു മെലിഞ്ഞ ബാലന്റെ സിനിമ അരങ്ങേറ്റം. ‘കളത്തൂർ കണ്ണമ്മ’യെന്ന ആ തമിഴ് ചിത്രത്തിൽ അഭിനയിച്ച കുട്ടിയുടെ മുഖത്തെ അപൂർവ തേജസ്സ് അന്നേ ശ്രദ്ധിക്കപ്പെട്ടു. തമിഴ് സിനിമയിലെയെന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ അദ്‌ഭുതനടനായി ആ ബാലൻ വളർന്നു. അഭിനയത്തിന് അതിരുകളില്ലെന്നു ലോകത്തെ പഠിപ്പിച്ച ആ നടന്റെ പേര് കമൽഹാസൻ. 

 

കുഗ്രാമമായിരുന്ന പരമക്കുടിയില്‍ ശ്രീനിവാസഅയ്യങ്കാർ എന്ന വക്കീലിന് അമ്പതാം വയസ്സിൽ ജനിച്ച പുത്രന്‍. പഠനത്തില്‍ ഉഴപ്പന്‍. നാടകം, നൃത്തം, സിനിമ എന്നിവയോട് അടങ്ങാത്ത ഭ്രാന്ത്. ഒരു ദിവസം കുടുംബസുഹൃത്തായ സാറാരാമചന്ദ്രൻ തന്റെ ക്ലിനിക്കിൽനിന്ന് മടങ്ങുന്നവഴി കമല്‍ പഠിക്കുന്ന കോൺവെന്റിൽ കയറി. കോൺവെന്റിൽ നിന്ന് കമലിനേയും കൂട്ടി കാറിൽ കയറ്റി വരുന്നവഴിക്ക് എ.വി.എം. സ്റ്റുഡിയോ ഉടമ ഏ.വി. മെയ്യപ്പ ചെട്ടിയാരുടെ വീട്ടിലും കയറി. ആ സമയത്ത് അദ്ദേഹം ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് ഒരുങ്ങുകയായിരുന്നു. ഒറ്റനോട്ടത്തിൽത്തന്നെ ചെട്ടിയാർക്ക് കമലിനെ ഇഷ്ടമായി. നിശ്ചയിച്ചിരുന്ന കുട്ടിയെ മാറ്റി ‘കളത്തൂർ കണ്ണമ്മ’യിൽ അഭിനയിപ്പിക്കാൻ അപ്പോൾ തന്നെ തീരുമാനമായി. ഷൂട്ടിംഗിനിടയിൽ ചെട്ടിയാർ സ്നേഹപൂർവം ചോദിച്ചു. ‘‘ഇൗ ചിത്രത്തിൽ അഭിനയിക്കാൻ നിനക്കെന്തു വേണം?’’ ഉത്തരം പെട്ടെന്നായിരുന്നു. ‘ഒരു വലിയ പ്ലിമത്ത് കാറും ഒരു അൾസേഷ്യൻ നായും’. സ്വപ്നങ്ങള്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ആ നടന്റെ വളര്‍ച്ച അവിടെ തുടങ്ങി. 

ഉഴപ്പി നടക്കുന്ന കാലത്താണ് ടി.കെ. ഷൺമുഖം എന്നയാൾ കമലിനെ അദ്ദേഹത്തിന്റെ നാടകസ്കൂളിലേക്കു വിളിച്ചത്. പോകും മുന്‍പ് ഷൺമുഖത്തോട് കമലിന്റെ പിതാവ് ശ്രീനിവാസഅയ്യങ്കാർ പറഞ്ഞു. ‘അണ്ണാച്ചി, ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും പഠിപ്പുള്ളവരാണ്. പക്ഷേ, ഒരു കലാകാരനില്ല. ഇവൻ പഠിച്ചില്ലെങ്കിലും എനിക്കു സങ്കടമില്ല. ഒരു കലാകാരനായാൽ മതി.’ അങ്ങനെ അച്ഛന്റെ അനുഗ്രഹത്തോടെ നാടകക്കളരിയിലേക്ക്. ഇൗ ഷൺമുഖം അണ്ണാച്ചിയുടെ ഓർമ്മയ്ക്കാണ് പിൽക്കാലത്ത് കമല്‍ ‘അവ്വൈ ഷൺമുഖി’ എന്ന ചിത്രമെടുത്തത്. 

ഭാഷയ്ക്കു അതീതനായ നടന്‍. ഇന്ത്യൻ സിനിമയിൽ, എന്തുകൊണ്ടും സവിശേഷ സ്‌ഥാനം അര്‍ഹിക്കുന്ന ഉലകനായകന്‍. അദ്ഭുതം നിറഞ്ഞതായിരുന്നു താരത്തിന്റെ അഭിനയജീവിതം. സിനിമയുടെ സമസ്‌ത മേഖലകളിലും വ്യാപരിക്കുന്ന അപൂർവ വ്യക്തിത്വം. 

സമാനതകളില്ലാത്തതായിരുന്നു കമല്‍ഹാസന്റെ പ്രയാണം. ആറാം വയസ്സിൽ ‘കളത്തൂർ കണ്ണമ്മ’യിലൂടെ ബാലതാരമായി ക്യാമറയ്ക്കു മുന്നിലെത്തി. അവിടന്നിങ്ങോട്ട് 64 വർഷമായി സിനിമയുടെ വിവിധ മണ്ഡലങ്ങളിൽ വിരാജിക്കുന്നു. ചെറുപ്പത്തിൽ നാടകട്രൂപ്പിൽ പ്രവർത്തിച്ചു. നൃത്തം അഭ്യസിച്ചു. ഇരുപതു വയസ്സാകും മുൻപ് സഹസംവിധായകൻ, സഹ എഴുത്തുകാരൻ, നൃത്ത സംവിധായകൻ... 21 വയസു തികഞ്ഞപ്പോഴേക്കും തമിഴ്, മലയാളം സിനിമകളിൽ നായകന്‍. കന്യാകുമാരിയാണ് ആദ്യമായി നായകവേഷം ചെയ്ത സിനിമ. പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തെലുങ്ക്, ഹിന്ദി, കന്നട ചിത്രങ്ങളിലൂടെ ബഹുഭാഷാനടൻ എന്ന ഖ്യാതി. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം പണ്ടേയ്ക്കു പണ്ടേ നേടിയെടുത്തു. മലയാളത്തിന്റെ പ്രിയനായകനായി തുടക്കം. അതിനുശേഷം സ്വന്തം തട്ടകമായ തമിഴ് സിനിമയിലേക്ക് ചുവടുമാറ്റം. രജനീകാന്തിനു സമശീർഷനായി താരപദവി . 

അഭിനയത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകള്‍ പറിച്ചെറിയാന്‍ മടിയില്ലാത്ത സാഹസികൻ.. ഒട്ടനവധി പരീക്ഷണങ്ങൾ.. നിരവധി വേഷപ്പകർച്ചകൾ.. അതും വാണിജ്യസിനിമയിൽ നിലനിന്നുകൊണ്ട്. ചില പരീക്ഷണങ്ങള്‍ പാളിയിരിക്കാം.. പക്ഷേ, പുതുമയ്‌ക്കും വ്യത്യസ്‌തതയ്‌ക്കും വേണ്ടിയുള്ള പ്രയാണം കമല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. പുതിയ തലമുറയിലെ സംവിധായകരുമൊത്ത് പ്രവർത്തിച്ച് പുതുമയുള്ള ചിത്രങ്ങളും കഥാപാത്രങ്ങളും തേടി പരാജയങ്ങളെ മറികടന്നു. നടൻ, നർത്തകൻ, മേക്കപ്പ് വിദഗ്‌ധൻ, കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമ്മാതാവ്, സംവിധായകൻ - അതെ , ശരിക്കും ഒരു ബഹുമുഖപ്രതിഭ. 

1954 നവംബർ ഏഴിന് തമിഴ്നാട്ടിലെ പരമകുടിയിൽ ജനനം. 1960ല്‍ ബാലതാരമായി ആദ്യചിത്രം. മലയാളത്തിൽ സത്യന്റെ മകനായി കണ്ണുംകരളും എന്ന ചിത്രത്തിൽ കെ.എസ്. സേതുമാധവൻ പരിചയപ്പെടുത്തുന്നു. പിന്നീട് നൃത്തസംവിധായകൻ തങ്കപ്പൻ മാസ്‌റ്റർക്കൊപ്പം ചേരുന്നു. തുടർന്ന് പല ചിത്രങ്ങളിലും നൃത്ത സഹായി. അരങ്ങേറ്റത്തിലൂടെ പ്രശസ്‌ത സംവിധായകൻ കെ. ബാലചന്ദർ തമിഴിൽ ഒരു ശ്രദ്ധേയവേഷം നൽകി. 1974ല്‍ എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ കന്യാകുമാരിയിലൂടെ ആദ്യ നായകവേഷം. തുടര്‍ന്ന് തമിഴ് സിനിമാചരിത്രത്തിൽ വഴിത്തിരിവുണ്ടാക്കിയ ആ സിനിമയെത്തി. ഭാരതി രാജയുടെ പതിനാറു വയതിനിലേ ചപ്പാണി എന്ന വ്യത്യസ്‌ത നായകവേഷം ശ്രദ്ധിക്കപ്പെട്ടു. ചട്ടം എൻ കയ്യിൽ എന്ന ചിത്രത്തിൽ ആദ്യമായി ഡബിൾറോളിൽ. മറോചരിത്രയുടെ വിജയത്തിലൂടെ തെലുങ്കു സിനിമാരംഗത്തും പ്രശസ്‌തനായി. 

ഗുരുനാഥനായ കെ. ബാലചന്ദറിന്റെ ശ്രദ്ധേയചിത്രം വരുമയിൻനിറം ചുവപ്പിലെ തൊഴിൽരഹിതനായ അഭ്യസ്‌തവിദ്യന്റെ വേഷം പ്രശംസ പിടിച്ചു പറ്റി. ബാലുമഹേന്ദ്രയുടെ മൂന്നാംപിറൈ കലാമൂല്യമുള്ള ചിത്രം എന്നതിനൊപ്പം കമേഴ്‌സ്യൽ വിജയവും നേടുന്നു. ചിത്രത്തിലെ ശ്രീനിവാസൻ എന്ന സ്‌കൂൾ അധ്യാപകന്റെ റോൾ ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്തു. 1982 ല്‍ സകലകലാവല്ലഭൻ എന്ന ചിത്രത്തിലൂടെ തമിഴ്‌നാട്ടിൽ റെക്കോർഡ് കളക്ഷൻ നേടി കച്ചവട സിനിമയിലെ തന്റെ സ്‌ഥാനം അനിഷേധ്യമാക്കി. 

സാഗരസംഗമത്തിലൂടെ ക്ലാസിക്കൽ ഡാൻസിന്റെ സമർഥമായ അവതരണം. നായകൻ എന്ന ചിത്രത്തില്‍ വേലുനായ്‌ക്കനായി തകര്‍ത്തഭിനയിച്ചപ്പോള്‍ രണ്ടാമത്തെ ദേശീയ അവാർഡും തേടിയെത്തി. അപൂർവസഹോദരങ്ങളിലെ അപ്പു എന്ന കഥാപാത്രം സിനിമാലോകത്തെ അമ്പരപ്പിച്ചു. സിനിമയെന്ന സര്‍ക്കസ് ലോകത്ത് ഏതു റോളും ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ്‌വഴക്കത്തോടെ കമല്‍ അവതരിപ്പിച്ചു. 

1996ല്‍ രണ്ടു ചിത്രങ്ങളിലെ അഭിനയത്തിനു സിനിമാലോകം കമലിനു മുന്നില്‍ സല്യൂട്ടടിച്ചു. ഇന്ത്യനിലെ സേനാപതിയും അവ്വൈഷണ്‍മുഖിയിലെ മൈലാപ്പൂർ മാമിയും. സേനാപതി എന്ന കഥാപാത്രത്തിലൂടെ മൂന്നാമത്തെ ദേശീയ അവാർഡ് . 230 ഓളം സിനിമകള്‍. അഭിനയത്തിനുവേണ്ടി മാത്രമല്ല സിനിമക്കുവേണ്ടിതന്നെ സ്വയം സമർപ്പിച്ചു. സിനിമയെ അടുത്തുനിന്ന് സശ്രദ്ധം പഠിച്ചു. കഥാപാത്രത്തെ സ്വീകരിക്കുന്നതിൽ അന്നുമിന്നും നിബന്ധനകളില്ല. പുതുമ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അപൂർവ്വരാഗങ്ങളിൽ സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീയെ പ്രണയിക്കുന്ന വേഷം അവതരിപ്പിച്ചു. ‘അവൾ ഒരു തുടർക്കഥൈ’ക്കുവേണ്ടി മിമിക്രി പഠിച്ചു. അപൂർവ്വ രാഗത്തിനു വേണ്ടി മൃദംഗം വായിക്കാൻ പഠിച്ചു. തെനാലിക്കുവേണ്ടി ശ്രീലങ്കൻ തമിഴ് പഠിച്ചു. ആളെ വന്താലിനുവേണ്ടി കമാൻഡോ ട്രെയിനിംഗ് അഭ്യസിച്ചു. 

‘രാജാപാർവ്വൈ’യിലെയും പുഷ്പക വിമാനത്തിലെയും വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ‘അവ്വൈഷൺമുഖി’യില്‍ ആദ്യമായി സ്ത്രീ വേഷം കെട്ടി. നായകൻ എന്ന സിനിമയില്‍ വേലുനായ്ക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി മൂന്നുനേരവും ചോറുണ്ട്  പത്തുകിലോഗ്രാം തൂക്കം കൂട്ടി. ഏതു കഥാപാത്രമായാലും അതിലെല്ലാം തന്റേതായ കയ്യൊപ്പു പതിയണമെന്ന് ആഗ്രഹിച്ചു. 

ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത ചലചിത്രകാരനായി കമല്‍ഹാസന്‍ വളര്‍ന്നു. സിനിമയുടെ ഒരു യൂണിവേഴ്സിറ്റി തന്നെയായിരുന്നു ഈ താരം. നടൻ എന്ന നിലയിൽ തന്നെ വളർത്തിയത് മലയാള സിനിമയാണെന്ന് കമൽ ഇന്നും നന്ദിപൂർവം സ്മരിക്കുന്നു. ആദ്യമായി നായകനാവുന്നതും ഹിറ്റുകൾ നൽകുന്നതും മലയാളത്തിലാണ്. എന്നെങ്കിലും സിനിമയിൽ നിന്ന് വിരമിക്കുമ്പോൾ കേരളത്തിലെ ഏതെങ്കിലും ഒരു ഗ്രാമത്തിൽ വീട് വച്ച് ശിഷ്ടകാലം കഴിയാൻ മോഹിക്കുന്ന കമലിന്റെ മനസിൽ എന്നും കേരളത്തിന് ഒരിടമുണ്ട്. കേരളീയർക്കും..നാല്‍പതോളം മലയാള സിനിമയില്‍ കമല്‍ഹാസന്‍ അഭിനയിച്ചു. സത്യവാൻ സാവിത്രി, മദനോത്സവം, ഈറ്റ, ഡെയ്‌സി, ചാണക്യൻ തുടങ്ങിയ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളാണ്. 

23 ചിത്രങ്ങളിൽ ഒന്നിലധികം വേഷങ്ങൾ ചെയ്തു. മൈക്കിൾ മദന കാമരാജനിലും, അപൂർവസഹോദരങ്ങളിലും ഒന്നിലധികം റോളുകള്‍. ദശാവതാരത്തിൽ പത്തു വേഷം . ഫിലിം ഫെയർ അവാർഡുകൾ 19 തവണ നേടി. 17 പ്രാവശ്യം മികച്ച നടനായി, ഒരോ തവണ വീതം മികച്ച നിർമ്മാതാവും കഥാകൃത്തുമായി. അപ്പോഴും തന്റെ ചില ഡ്രീം പ്രോജക്ടുകളോടു കമല്‍ഹാസനു കട്ട് പറയേണ്ടി വന്നു. മരുധനായഗം മദ്രാസിൽ എലിസബത്ത് രാജ്‌ഞിയുടെ സാന്നിദ്ധ്യത്തിൽ പൂജ നടത്താൻ തീരുമാനിച്ച ശേഷം ഉപേക്ഷിക്കേണ്ടി വന്നു.  2000 ല്‍ സ്വന്തമായി എഴുതി സംവിധാനം ചെയ്‌ത ഹേറാം എന്ന ചിത്രം  വ്യത്യസ്‌തമെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു. വിവാദങ്ങളുയര്‍ത്തിയ വീരുമാണ്ടിയിലൂടെ വീണ്ടും സംവിധായകന്‍. പത്തു കഥാപാത്രങ്ങളുമായെത്തിയ ദശാവതാരം ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം കുറിച്ചു. വിശ്വരൂപത്തിന് തമിഴ്‌നാട്ടിൽ റിലീസ് നിരോധനം ഗവൺമെന്റ് പ്രഖ്യാപിച്ചെങ്കിലും ചിത്രം വിജയം കണ്ടു. 

തമിഴ്നാട്ടിൽ രാമപുരം ജില്ലയിലെ പരമക്കുടി. അക്കാലത്തു അവിടെയൊരു സിനിമാ തിയേറ്റർ ഉണ്ടായിരുന്നു. ഓലക്കൊട്ടക. അവിടെ മിക്കവാറും എല്ലാ ദിവസവും സിനിമ കാണാനെത്തുന്ന ഒരു പയ്യന്‍. ‘മധുരൈ വീരൻ’ നൂറാം ദിവസം ഓടിയതിന്റെ ആഘോഷവേളയിൽ ആ തിയേറ്ററിൽ അതേ സിനിമ ഏറ്റവുമധികം കണ്ടതിന്റെ പേരിൽ ആ കുട്ടിയ്ക്കൊരു സമ്മാനം കിട്ടി. അതായിരുന്നു കമല്‍ഹാസനു ജീവിതത്തില്‍ കിട്ടുന്ന ആദ്യത്തെ ബഹുമതി.

1990ൽ പത്മശ്രീ, 2012ൽ പത്മഭൂഷൺ, 2005 ൽ സത്യഭാമ യൂണിവേഴ്‌സിറ്റി ഡോക്‌ടർ ബഹുമതി. ആന്ധ്രാപ്രദേശ് ഗവൺമെന്റ് മൂന്നുതവണ മികച്ച നടനുള്ള അവാർഡ് സമ്മാനിച്ചു. ഇരുപതിലേറെ ചിത്രങ്ങളുടെ രചനയിൽ പങ്കാളിത്തം., തേവർമകൻ, മഹാനദി, ഹേ റാം, അൻപേശിവം, വീരുമാണ്ടി, ദശാവതാരം, മന്മഥൻ അമ്പ്, വിശ്വരൂപം തുടങ്ങിയവ പൂർണ്ണമായും രചിച്ചത് കമലഹാസനായിരുന്നു. അൻപതോളം ഗാനങ്ങൾ ആലപിച്ചു. വിശ്വരൂപമടക്കം രണ്ടു ചിത്രങ്ങളിൽ ഗാനരചന നിർവഹിച്ചു. 

വിവാദങ്ങളും റീല്‍സ് കണക്കെ ഈ താരത്തിന്റെ ചുറ്റും കറങ്ങി. 1986-ൽ കെ. ബാലചന്ദർ ഒരുക്കിയ പുന്നഗൈ മന്നനിലെ കമൽ-രേഖ ചുംബനമാണ് അതിൽ ഏറ്റവും സെൻസേഷണൽ. പിന്നീട് മഹാനദിയിൽ സുകന്യയുമായുള്ള ലിപ്‌ലോക്കും 1995-ൽ ഗൗതമിയുമായുള്ള രണ്ട് സുദീർഘചുംബനങ്ങളും വാർത്തയായി. ഹേ റാമിൽ റാണി മുഖർജിയോടൊപ്പമുള്ളതാണ് അടുത്തത്. 10 സെക്കൻഡ് നീണ്ട ഈ ചുംബനരംഗം ഉൾപ്പെട്ട പോസ്‌റ്ററുകളാണ് തിയേറ്ററുകളിലേക്ക് യുവജനതയെ ആകർഷിച്ചതെന്ന് ഒരു കിംവദന്തി അന്ന് പ്രചരിച്ചിരുന്നു. മലയാളി നായിക അഭിരാമിയുമായുള്ള കമലിന്റെ വിരുമാണ്ടിയിലെ ലിപ്‌ലോക്കും പ്രസിദ്ധം. അപകടം പിടിച്ചതെങ്കിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കണമെന്ന വാശി കമലിനെ മുന്നോട്ടു നയിച്ചു

2019 മുതലുള്ള മൂന്നു വര്‍ഷങ്ങള്‍ അത്ര നല്ലതായിരുന്നില്ല. കമൽഹാസൻ എന്നൊരാൾ ജീവിച്ചിരിപ്പുണ്ട് എന്നു പോലും ഇന്‍ഡസ്ട്രി മറന്നു. സിനിമയ്ക്കു കമലിനെയും കമലിനു സിനിമയെയും മടുത്തു കാണും എന്നു വരെ പലരും കരുതി. കോടികൾ മുടക്കി പകുതിയോളം ചിത്രീകരിച്ച ‘ഇന്ത്യൻ–2’ പൂർത്തിയാക്കാൻ സംവിധായകനോ നിർമാതാവോ പോലും വലിയ താൽപര്യമെടുത്തില്ല. 2022 ല്‍ പുറത്തിറങ്ങിയ വിക്രം നേടിയ ചരിത്രവിജയത്തോടെ കമൽഹാസൻ എന്ന ഇതിഹാസം പുനരവതരിക്കപ്പെട്ടു. കമലിന്റെ ഡേറ്റിനായി വൻകിട നിർമാതാക്കൾ വീണ്ടും ക്യൂ നിൽക്കാൻ തുടങ്ങി. തമിഴ് സിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളുടെ മുൻനിരയിലുള്ള ‘നായകൻ’ പുറത്തിറങ്ങി 35 വർഷത്തിനു ശേഷം കമലിനെ നായകനാക്കി സാക്ഷാൽ മണിരത്നം വീണ്ടുമൊരു പടത്തിന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു.

സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയെങ്കില്‍ രാഷ്ട്രീയത്തില്‍ പക്ഷെ താരത്തിനു അടിതെറ്റി. ജനവിധിയുടെ ‘ബോക്സ് ഓഫിസിൽ’ സൂപ്പർ ഫ്ലോപ് ആകാനായിരുന്നു യോഗം. ‘മക്കൾ നീതി മയ്യം’ രൂപീകരിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. കരുണാനിധിയും ജയലളിതയുമൊഴിഞ്ഞ തമിഴകത്ത് ആ ഒഴിവു നികത്താൻ ജനം തന്നെ വിളിക്കുമെന്നു കമൽ സ്വപ്നം കണ്ടു.  തുടര്‍ച്ചയായ തോല്‍വികളിലൂടെ രാഷ്ട്രീയം തനിക്കു പറ്റിയ മേഖലയല്ലെന്നു തിരിച്ചറിഞ്ഞു. ജീവിതത്തില്‍ നായികമാര്‍ മാറിമാറി വന്നെങ്കിലും കമലിന്റെ കാമുകിയും ഭാര്യയും സിനിമ മാത്രമായിരുന്നു.  

അഴിമതിക്കാരെയും കള്ളന്‍മാരേയും വിരല്‍ത്തുമ്പില്‍ വിറപ്പിക്കുന്ന സേനാപതി രണ്ടാം വരവിനൊരുങ്ങുകയാണ്. ശങ്കര്‍– കമല്‍ഹാസന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യന്‍ 2. കൂടാതെ വിക്രം2, കല്‍ക്കി -2, തഗ് ലൈഫ്... ബ്രഹ്മാണ്ഡ സ്കെയില്‍ ചിത്രങ്ങളുടെ ഒരു നിര തന്നെ വരാനിരിക്കുന്നു. അഭിനയിച്ചു കൊതി തീര്‍ന്നിട്ടില്ല, പ്രേക്ഷകനെ അദ്ഭുതപ്പെടുത്തി മതിയായിട്ടില്ല. ഉലകനായകന്റെ ജൈത്രയാത്ര തുടരും...

ENGLISH SUMMARY:

Actor Kamalhassan profile