സഹോദരന് നകുലിന്റെ സിനിമയുടെ പ്രമോഷന് ചടങ്ങില്‍ ഹൃദയം തൊടുന്ന വാക്കുകളുമായി നടി ദേവയാനി. ഞാന്‍ അവന്റെ ചേച്ചിയല്ല, ശരിക്കും അമ്മയാണ് എന്നാണ് വാസ്കോഡഗാമ എന്ന സിനിമയുടെ പ്രമോഷന് ചടങ്ങിനിടെ സംസാരിക്കുമ്പോള്‍ നകുലിനെ കുറിച്ച് ദേവയാനി പറഞ്ഞത്.
അവന്റെ ഒരു സിനിമയുടെ ചടങ്ങിന് ആദ്യമായാണ് ഞാന്‍ വരുന്നത്. അവന്റെ ചേച്ചിയല്ല, ശരിക്കും അമ്മയാണ് ഞാന്‍. അവന്റെ കൂടെ കളിക്കാനൊന്നും എനിക്ക് അങ്ങനെ സാധിച്ചിട്ടില്ല. സഹോദരന്–സഹോദരി ബന്ധങ്ങളിലെ പോലെ സമയം ചിലവിടാനായിരുന്നില്ല. കാരണം അവന് വളരുന്ന സമയത്ത് സിനിമയിലായിരുന്നു ഞാന്‍. അവനൊപ്പമുള്ള ഒരുപാട് നല്ല നിമിഷങ്ങള്‍ എനിക്ക് നഷ്ടമായി, ദേവയാനി പറയുന്നു.
നകുലിനെ കുറിച്ച് എനിക്ക് അഭിമാനമാണ്. എന്റെ ചിന്ന തമ്പിയാണ്. ബഹുമുഖപ്രതിഭയാണ് അവന്, എനിക്ക് പറയാന്‍ വാക്കുകളില്ല. അവന്റെ വലിയ ആരാധികയാണ് ഞാന്‍. ബോയ്സ് എന്ന സിനിമയില്‍ നിന്ന് കാതലില്‍ വിഴുന്തേന്‍ എന്ന പടത്തിലേക്ക് എത്തുമ്പോള്‍ അവനിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. നല്ല നടനും പാട്ടുകാരനും സംഗീത സംവിധായകനുമെല്ലാമാണ് അവന്. ഒരുപാട് കഴിവ് അവനുണ്ട്, ദേവയാനി പറയുന്നു.
അവന്റെ കൂടെ ഞാന്‍ ഉണ്ടല്ലോ എന്നോര്‍ത്ത് അമ്മയുടെ ആത്മാവ് സന്തോഷിക്കും. അപ്പയും അമ്മയും ഞങ്ങളെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. അവര്‍ ഇല്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ രണ്ട് പേരും സിനിമയില്‍ വരില്ലായിരുന്നു എന്നും ദേവയാനി ചടങ്ങില്‍ പറഞ്ഞു.