ചെന്നൈയിലെ തേനാംപേട്ടിലെ വി.ഐ.പികൾ താമസിക്കുന്ന പോയസ് ഗാർഡനില്‍ സ്വന്തമായൊരു വീട് വാങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് നടന്‍ ധനുഷിന് കേള്‍ക്കേണ്ടി വന്നത്. ഗൃഹപ്രവേശനത്തിന്‍റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയായിരുന്നു വിമര്‍ശനങ്ങള്‍ക്ക് തുടക്കം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തെരുവിൽ നിന്ന് വന്നെന്നു കരുതി തെരുവിലേ ജീവിക്കാവൂ എന്നാണോ? പോയസ് ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ? എന്നാണ് നടൻ ചോദിക്കുന്നത്.
ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന ധനുഷിന്‍റെ വീട് സൂപ്പർസ്റ്റാർ രജനികാന്തിന്‍റെയും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും വീടിന് സമീപമാണ് സ്ഥിതി ചെയ്യുന്നത് . ഇപ്പോഴിതാ ധനുഷ് തന്നെ അത്തരമൊരു വീട് സ്വന്തമാക്കുന്നതിന് പിന്നിലുണ്ടായിരുന്ന കാരണത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്. കുട്ടിക്കാലത്ത് നേരിട്ട അനുഭവങ്ങളാണ് ധനുഷ് പങ്കുവെച്ചത്.
'പോയസ് ഗാർഡനിൽ വീട് വാങ്ങിയതിന് പിന്നിൽ ഒരു കഥയുണ്ട്. അന്നെനിക്ക് 16 വയസാണ്. ഞാനും എന്‍റെ സുഹൃത്തും കൂടി കത്തീഡ്രൽ റോഡ് വഴി പോവുകയായിരുന്നു. ഞാൻ ആരുടെ കടുത്ത ആരാധകനാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ആ സമയത്ത് തലൈവരുടെ വീട് കാണണമെന്ന് ഒരു ആഗ്രഹം തോന്നി. അവിടെ നിന്ന ഒരാളോട് ചോദിച്ചപ്പോൾ സ്ഥലം പറഞ്ഞുതന്നു. ഒരു കൂട്ടം പൊലീസുകാർ അവിടെയുണ്ടായിരുന്നു. അവരോട് തലൈവരുടെ വീടിനെക്കുറിച്ച് തിരക്കി. അവർ വീട് കാണിച്ചു തന്നെങ്കിലും അവിടെ നിന്ന് വേഗം പോകണമെന്ന് പറഞ്ഞു'
'തലൈവരുടെ വീട് കണ്ട് സന്തോഷത്തോടെ തിരിച്ചുവരാൻ വണ്ടി തിരിച്ചപ്പോൾ തൊട്ടടുത്ത വീടിനു മുന്നിലും അതേ കൂട്ടം. അതെന്താണെന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത് അത് ജയലളിത അമ്മയുടെ വീടാണെന്ന്. ഞാൻ ബൈക്ക് നിർത്തി ഒരു നിമിഷം അവിടെയിറങ്ങി നിന്നു. ഒരു വശത്ത് രജിനി സാറിന്‍റെ വീട്, മറുവശത്ത് ജയലളിത അമ്മയുടെ വീട്. അന്ന് മനസിൽ കയറിയ വാശിയാണ് എന്നെങ്കിലും പോയസ് ഗാർഡനിൽ ഒരു ചെറിയ വീടുവെക്കണമെന്ന്. അന്ന് വീട്ടിലെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. ഒരുപാടു പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് 16 കാരനായ വെങ്കിടേഷ് പ്രഭുവിന് (ധനുഷിന്‍റെ യഥാർഥ പേര്), ഇന്നു കാണുന്ന ധനുഷ് സമ്മാനിച്ചതാണ് പോയസ് ഗാർഡനിലെ വീട്. എന്നെ ഇതോടെ വെറുതെ വിടുമെന്ന് പ്രതീക്ഷിക്കുന്നു'- ധനുഷ്
ധനുഷിന്‍റെ വരാനിരിക്കുന്ന ചിത്രമായ രായണിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിലായിരുന്നു ധനുഷിന്‍റെ പ്രതികരണം. 150 കോടിയോളം ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് പോയസ് ഗാർഡനിൽ ധനുഷിന്റെ വീട് പണി തീർത്തിരിക്കുന്നത്.