TOPICS COVERED

 കഴിഞ്ഞ ദിവസമാണ് 70–ാമത് ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങള്‍ പ്രഖ്യാപിച്ചത്. പതിവ് പോലെ പുരസ്​കാര പ്രഖ്യാപനത്തിന പിന്നാലെ വിവാദങ്ങളും തര്‍ക്കങ്ങളും ഉടലെടുത്തു. മികച്ച നടനായി മമ്മൂട്ടിക്കും പകരം ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തു എന്നാണ് ഒരു വശത്തുനിന്നും ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ മമ്മൂട്ടി ചിത്രങ്ങളൊന്നും ഇത്തവണ മല്‍സരത്തിന് അയച്ചിരുന്നില്ല എന്ന വാദവും ഉയര്‍ന്നു. ദുല്‍ഖര്‍ ചിത്രം സീതാ രാമത്തിന് അവാര്‍ഡൊന്നുമില്ല എന്നതാണ് തെലുങ്കില്‍ പ്രതിഷേധത്തിന് കാരണമായത്.

ഭരിക്കുന്ന സര്‍ക്കാരിന്‍റേയും ജൂറിയുടേയും രാഷ്​ട്രീയവും താല്‍പര്യങ്ങളും അവാര്‍ഡ് പ്രഖ്യാപനത്തിലും ഉണ്ടാവാറുണ്ടെന്ന വിമര്‍ശനം ചലച്ചിത്രം പുരസ്​കാരങ്ങള്‍ക്ക് മുമ്പുതന്നെയുണ്ട്. ഈ വാദത്തിന് കൂടുതല്‍ ശക്തി പകരുന്ന പുരസ്​കാര പ്രഖ്യാപനങ്ങള്‍ പല കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ സിനിമാ പ്രേമികളെ ഞെട്ടിച്ച ചില ദേശീയ പുരസ്​കാര പ്രഖ്യാപനങ്ങള്‍ നോക്കാം.

2005ല്‍ സെയ്​ഫ് അലി ഖാന്‍ ദേശീയ തലത്തില്‍ മികച്ച നടനായത് ചലച്ചിത്ര പുരസ്​കാര ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ്. ഹം തും എന്ന ചിത്രത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. ഷാരൂഖ് ഖാന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന സ്വദേശിനെ പിന്തള്ളിയാണ് സെയ്ഫ് അലി ഖാന്‍ മികച്ച നടനായത്.

2017ല്‍ മികച്ച നടനുള്ള പുരസ്​കാരം ലഭിച്ചത് അക്ഷയ് കുമാറിനായിരുന്നു. എയര്‍ ലിഫ്​റ്റ്, റുസ്​തം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് അക്ഷയ്​യെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അക്ഷയ് കുമാറിന്‍റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശന്‍ കൂടി അംഗമായ ജൂറി പക്ഷപാതപരമായാണ് അവാര്‍ഡ് നിര്‍ണയം നടത്തിയതെന്നാണ് അന്ന് ഉയര്‍ന്ന വാദം. മനോജ് വാജ്​പേയ് തന്‍റെ കരിയര്‍ ബെസ്​റ്റ് പെര്‍ഫോമന്‍സ് കാഴ്​ച വച്ച അലിഗര്‍, രണ്‍ദീപ് ഹൂഡയുടെ സരബ്ജിത്ത്, അമിതാഭ് ബച്ചന്‍റെ പിങ്ക്, ഷാഹിദ് കപൂറിന്‍ഫെ ഉഡ്താ പഞ്ചാബ്, ആമിര്‍ ഖാന്‍റെ ദംഗല്‍ എന്നീ ചിത്രങ്ങള്‍ ഒപ്പം നില്‍ക്കുമ്പോഴായിരുന്നു അക്ഷയ് കുമാറിന്‍റെ പുരസ്​കാര നേട്ടമെന്നതും അന്തരീക്ഷത്തില്‍ കല്ലുകടിയുണ്ടാക്കി.

ഒട്ടേറെ രാഷ്​ട്രീയ വിവാദങ്ങളുണ്ടാക്കിയ മറ്റൊരു പുരസ്​കാര പ്രഖ്യാപനമായിരുന്നു 2019ലേത്. പേരന്‍പിലെ അമുദവനായുള്ള അതുല്യ പ്രകനടത്തിന് മമ്മൂട്ടിക്ക് മികച്ച നടനായി സാധ്യതകള്‍ ഏറെ കല്‍പിക്കപ്പെട്ട വര്‍ഷം. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയും മികച്ച നടന്മാരായി. 2018ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ആസ്​പദമാക്കി എടുത്ത ഉറി എന്ന ചിത്രമാണ് വിക്കി കൗശലിന് അവാര്‍ഡ് നേടികൊടുത്തത്. ഒരു കൊലപാതക കേസില്‍ പെട്ടു പോയ അന്ധന്‍റെ ജീവിതം അവതരിപ്പിച്ച അന്ധാദുനില്‍ പ്രകടനമാണ് ആയുഷ്​മാന്‍ ഖുറാനയെ അവാര്‍ഡ് അര്‍ഹനാക്കിയത്.

ആ വര്‍ഷം ചലച്ചിത്രപുരസ്​കാരത്തെ ചൊല്ലി തമിഴ്​നാട്ടിലും കേരളത്തിലും വലിയ വിവാദം ഉടലെടുത്തു. പ്രമുഖ സിനിമ താരങ്ങള്‍ വരെ അനീതിക്കെതിരെ രംഗത്ത് വന്നു. വിമര്‍ശനം സൈബര്‍ അറ്റാക്കിലേക്കും അധിക്ഷേപത്തിലേക്കും എത്തിയതോടെ ജൂറി ചെയര്‍മാന്‍ രാഹുല്‍ റവയില്‍ മമ്മൂട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ തുറന്ന കത്തെഴുതി. പേരന്‍പ് പ്രാദേശിക ജൂറി തന്നെ നിരസിച്ചതാണെന്നും ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്. എന്നാല്‍ ജൂറിയുടെ സെലക്ഷന്‍ കമ്മിറ്റിയില്‍ തമിഴ്​നാട്ടുകാരനായ ഒരാള്‍ പോലും ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് തമിഴ്​ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടതെന്നും മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജ കുറ്റപ്പെടുത്തി. മമ്മൂട്ടിയുടെ പേരന്‍പ്, ധനുഷിന്‍റെ വടചെന്നൈ, മാരി സെല്‍വരാജ് ചിത്രം പരിയേറും പെരുമാള്‍, വിജയ് സേതുപതി ചിത്രം 96 എന്നിവയെല്ലാം തഴയപ്പെട്ടുവെന്നും ഭാരതിരാജ പറഞ്ഞു. തമിഴ്​സിനിമകള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ജൂറി വിശദീകരിക്കണമെന്ന് പറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും രംഗത്തെത്തിയിരുന്നു.

2021–ദേശീയ പുരസ്​കാരപ്രഖ്യാപനത്തിലെ മികച്ച നടനും പലരുടേയും നെറ്റി ചുളിപ്പിച്ച ഒന്നാണ്. മികച്ച നടന്മാരായി രണ്ട് പേരെയാണ് ജൂറി പ്രഖ്യാപിച്ചത്. സൂരരൈ പോട്രിലെ പ്രകടനത്തിന് സൂര്യയും തന്‍ഹാജി ദി അണ്‍സങ് ഹീറോയിലെ പ്രകടനത്തിന് അജയ് ദേവ്​ഗണും. അജയ് ദേവ്​ഗണിന്‍റെ അഭിനയം മോശമല്ലെങ്കിലും ദേശീയ പുരസ്​കാരം നേടാന്‍ മാത്രം ഉണ്ടോയെന്നാണ് ചോദ്യമുയര്‍ന്നത്. 1999ല്‍ ഡോക്​ടര്‍ ബാബസാഹേബ് അംബേദ്​കറിലെ മമ്മൂട്ടിക്കൊപ്പം അജയ് ദേവ്​ഗണ്‍ മികച്ച നടനായപ്പോഴും ഇതേ ചോദ്യമുയര്‍ന്നിരുന്നു. സഖം എന്ന ചിത്രത്തിനാണ് അജയ് ദേവ്​ഗണിന് മമ്മൂട്ടിക്കൊപ്പം അവാര്‍ഡ് ലഭിച്ചത്.

തൊട്ടടുത്ത വര്‍ഷത്തെ പുരസ്​കാര പ്രഖ്യാപനവും വിവാദത്തിലായിരുന്നു. പുഷ്​പയിലെ പ്രകടനത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനായത് അവിശ്വസനീയതോടെയാണ് പ്രേക്ഷകര്‍ കേട്ടത്. സാര്‍പാട്ട പരമ്പരയിലെ ആര്യ, ജയ് ഭീമിലെ സൂര്യ എന്നിവരെ പിന്തള്ളിയാണ് അല്ലു അര്‍ജുന്‍റെ പുഷ്​പ അവാര്‍ഡ് നേടിയത്. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ തെലുങ്ക് താരമായ നാനി ഹൃദയം തകര്‍ന്ന സ്​മൈലിക്കൊപ്പം ജയ് ഭീം എന്നാണ് ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചത്. ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രമായി കശ്​മീര്‍ ഫയല്‍സിനെ തിരഞ്ഞെടുത്തതും വലിയ വിമര്‍ശനമുയര്‍ത്തി. വിഭജനത്തിന്‍റെ രാഷ്​ട്രീയം പറയുന്ന ചിത്രത്തിനാണോ ദേശീയോദ്​ഗ്രഥനത്തിനുള്ള അവാര്‍ഡ് എന്നാണ് വിമര്‍ശനമുയര്‍ന്നത്. 2022 ലെ ഐഎഫ്എഫ്ഐയുടെ സമാപന ചടങ്ങില്‍ ജൂറി ചെയര്‍മാനും ഇസ്രായേലി സംവിധായകനുമായ നദാവ് ലാപിഡ് വൃത്തിക്കെട്ട പ്രൊപ്പഗണ്ട എന്നു വിമര്‍ശിച്ച ചിത്രത്തെയാണ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്.

അര്‍ഹമായത് എതിരെ നില്‍ക്കുമ്പോള്‍ അനര്‍ഹര്‍ പുരസ്​കാരം നേടി എന്ന വിമര്‍ശനം വന്ന പുരസ്​കാരങ്ങളാണ് മേല്‍പ്പറഞ്ഞവ. ഇതിനുപുറമേ മോഹന്‍ലാലിന്‍റെ ഇരുവര്‍, തന്മാത്ര, സദയം കലാഭാവന്‍ മണിയുടെ വാസന്തിയും ലക്ഷ്​മിയും പിന്നെ ഞാനും, തിലകന്‍റെ പെരുന്തച്ചന്‍ എന്നീ ചിത്രങ്ങള്‍ ദേശീയ പുരസ്​കാരത്തില്‍ നിന്നു പിന്തള്ളപ്പെട്ടുപോയതും വലിയ ചര്‍ച്ചയായിട്ടുണ്ട്.

ENGLISH SUMMARY:

Conrovrsial national awards