ലയണ്‍ ഈസ് ആള്‍വേയ്സ് ലയണ്‍...ഗോട്ടിലൂടെ വിജയ് ഒരിക്കല്‍ക്കൂടി അത് തെളിയിച്ചു. അടി, വെടി, പുക, പാട്ട്, ഡാന്‍സ് , കോമഡി, ട്വിസ്റ്റ് എല്ലാം വേണ്ടുവോളം. മലയാളികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഓണസദ്യ കഴിച്ച പ്രതീതി.
രണ്ടാം ഭാഗത്തിനു വഴിയൊരുക്കിയാണ് ചിത്രം അവസാനിച്ചിരിക്കുന്നത്. ഗോട്ട് വേഴ്സസ് ഒജിയെന്നാണ് എന്‍ഡ് ക്രെഡിറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. വിജയ് രാഷ്ട്രീയപ്രഖ്യാപനം നടത്തിയതിനാല്‍ രണ്ടാംഭാഗത്തില്‍ താരം ഉണ്ടാകാന്‍ സാധ്യത കുറവാണ്. പകരം വന്‍താരനിര തന്നെയുണ്ടാകുമെന്നാണ് തമിഴകത്തു നിന്നും വരുന്ന സൂചനകള്‍. അതില്‍ മുന്‍നിരയില്‍ അജിത്തിന്റെ പേരു തന്നെയാണ്.
വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഭാഗമാകണമെന്നു അജിത് തന്നോടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സൂചിപ്പിച്ചിരുന്നതായി സംവിധായകന് വെങ്കട് പ്രഭു വെളിപ്പെടുത്തി. ഗോട്ട് ചെയ്യുന്നതിനു മുന്‍പും അജിത്തിനോടു ഇക്കാര്യം പറഞ്ഞു. വര്‍ഷങ്ങളായി ഇതുതന്നെയല്ലേ താനും പറയുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ നൂറു മടങ്ങ് മികച്ചതാകണം ഗോട്ടെന്നും അജിത് വെങ്കട് പ്രഭുവിനോടു പറഞ്ഞു. ഇരുവരും ഒന്നിക്കുന്നതിലൂടെ വിജയ്–അജിത് ആരാധകര്‍ക്കിടയിലെ മത്സരം ഒഴിവാകാനും സാധിക്കുമെന്നു കരുതുന്നു.