kamalhassan-birthday

സകലകലാവല്ലഭനിൽ നിന്ന് ഉലഹനായകനിലേക്കുള്ള കമൽ ഹാസൻ്റെ ദൂരം സംഭവബഹുലമായിരുന്നു. മൂന്നു ഭാഗങ്ങളുള്ള ഒരു അപൂർവചലച്ചിത്രം പോലെ. നൃത്തവും പ്രണയവും വിരഹവും പ്രമേയമാക്കിയ ആദ്യകാലസിനിമകൾ. വൃദ്ധനും വിരൂപനും കുഞ്ഞനും നിശ്ശബ്ദനുമായി പരീക്ഷണ സിനിമകളുടെ രണ്ടാം ഘട്ടം. മാസ് ആക്ഷനുമായി ദശാവതാരം പൂണ്ട മൂന്നാം അദ്ധ്യായം. ...സപ്തതിയിലെത്തുമ്പോൾ സിനിമയും സമൂഹവും കമലിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇനിയുമേറെ.

പതിനെട്ടാമത്തെ വയസില്‍ കമൽഹാസൻ കുറിച്ച ‘മഴൈ’എന്ന  കവിതയിൽ ഒരു സമരമുണ്ടായിരുന്നു. ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകള്‍ ആകാശം നോക്കി പറഞ്ഞാല്‍ മഴ പെയ്യുമെന്ന തമിഴ്നാടിന്റെ വിശ്വാസത്തെ ധിക്കരിച്ചായിരുന്നു ആ കവിത. അന്നേ തന്റെ ബോധ്യങ്ങളെ തൃപ്തിപ്പെടുത്താത്തതൊന്നും കമല്‍ ഗൗനിക്കാറില്ല .സിനിമയിലും വ്യക്തി ജീവിതത്തിലും വിജയപരാജയങ്ങൾ മിന്നി മറിയുമ്പോഴും ചന്നംപിന്നം ചാറിയും പേമാരിയായും കമല്‍ നിറഞ്ഞുനിന്നു...  

മൂന്നാം വയസില്‍ കണ്ടുതുടങ്ങിയ കാമറയും വെള്ളിവെളിച്ചവും.  സിനിമയെന്തെന്ന് ചോദിച്ചാല്‍ അതെന്റെ ഗ്രാമമെന്ന് മറുപടി .കവിതയില്‍ കണ്ട ധിക്കാരവും ബോധ്യങ്ങളും പരീക്ഷണങ്ങളും സിനിമയിലും ജീവിതത്തിലും കണ്ടു.  അക്കാദമിക് വിദ്യാഭ്യാസവും പൊക്കവും നന്നേ കുറവ്,  ദുര്‍ബലമായ ശബ്ദം, മറ്റുള്ളവര്‍ സുന്ദരന്‍ എന്നു വിളിച്ചപ്പോള്‍ അത് സ്നേഹം കൊണ്ടെന്ന് മാത്രം വിശ്വസിച്ചു.  30ല്‍ വരേണ്ട ബോധ്യങ്ങള്‍ 40ലും 40ല്‍ വരേണ്ട ബോധ്യങ്ങള്‍ 50ലും വന്നയാളെന്ന് സ്വയം തിരിച്ചറിഞ്ഞു. വിവാഹമെന്ന പ്രസ്ഥാനത്തില്‍ ഒട്ടും വിശ്വാസമില്ലെന്ന് വിളിച്ചുപറഞ്ഞു. 

 ആത്മവിശ്വാസം നിറയുന്ന മന്ദഹാസമാണ് കമൽ ഹാസൻ. എഴുപതിലും മധുരപ്പതിനേഴിൻ്റ തിളക്കമുണ്ട് ആ കണ്ണുകളില്‍.

 

ആടിത്തിമിര്‍ത്തതിലെല്ലാം ഇനിയും പൂര്‍ണതയെത്താത്തതിന്റെ അതൃപ്തി ഏതോ കോണിലുണ്ട്. അതിനുള്ള അടങ്ങാത്ത ത്വരയും.. പക്ഷേ ആരാധകര്‍ക്ക് കമൽ എല്ലാം തികഞ്ഞ അഭിനയസപര്യയാണ്.  ആഗോളസ്വാധീനമുണ്ടാക്കിയവയായിരുന്നു അദ്ദേഹത്തിന്റെ പല സിനിമകളും.  അസൂയാവഹമായ കഴിവുകളുള്ള സമ്പൂർണ്ണനെന്നാണ് ഹരിഹരൻ   വിശേഷിപ്പിച്ചത്. സത്യനൊപ്പം കണ്ണും കരളിലും ബാലതാരമായെത്തിയ കമലിനെ നായകനാക്കിയതും മലയാളി തന്നെ.  കന്യാകുമാരിയിലൂടെ എംടി അന്നും എന്നും ഗുരുതുല്യനായി മാറി. 

ഞാന്‍ മനസ് വച്ചാല്‍ മുതല്‍വര്‍ ആകും എന്നുപറഞ്ഞായിരുന്നു കമലിന്റെ രാഷ്ട്രീയ പ്രവേശം. ജനങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞിറങ്ങിയ ഗോദയില്‍ പക്ഷേ മക്കള്‍ നീതി മയ്യം വാണില്ല, അണികളും നേതാക്കളും പലപ്പോഴും പലതും പറഞ്ഞ് പാര്‍ട്ടിവിട്ടു.  ഇപ്പോള്‍ ദേശീയ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ ഭാഗമാണ്.  2025 ൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമലിനു നൽകാമെന്ന ഡിഎംെകയുടെ ഉറപ്പിലാണു തീരുമാനം. അങ്ങനെ വരുമ്പോള്‍ ഉലകനായകനെ ഇനി രാജ്യസഭയില്‍ കാണാം.

പരീക്ഷണങ്ങൾ ഇങ്ങനെ തുടരുമ്പോഴും കമൽ ഹാസനെ പഠിച്ചവർക്ക് സംശയമുണ്ടാകില്ല. അദ്ദേഹത്തിൻ്റെ നിത്യപ്രണയം സിനിമയോടാണ്. 

ഗുണ കേവിൽ നിന്നുള്ള വരികൾ ഓർത്താൽ... അത്, ''മനിത കാതൽ അല്ലൈ... അതൈയും താണ്ടി പുനിതമാനത്".

Kamal Hassan 70th Birthday:

Kamal Hassan 70th Birthday on November 07. Story telling about his life cinema and politics