അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, സിനിമാ ലൊക്കേഷനില്‍ നിന്ന് നിര്‍മാതാക്കള്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ബാങ്കോക്കിലെ ലൊക്കേഷനിൽ നിന്ന് അജിത്തും തൃഷയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് നിർമ്മാതാക്കള്‍ പങ്കിട്ടിരിക്കുന്നത്. അജിതിന്റെയും തൃഷയുടെയും കോമ്പിനേഷൻ സീനുകളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ രണ്ടുപേരും കൈകൾ കോർത്ത് നടക്കുന്ന ചിത്രങ്ങളാണ് സൈബറിടത്ത് ലൈക്കുകള്‍ വാരിക്കൂട്ടുന്നത്. ഇഷ്ടതാരങ്ങളെ വീണ്ടും ഒരു ഫ്രെയിമില്‍ കണ്ട ത്രില്ലിലാണ് ആരാധകര്‍.
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ആകര്‍ഷണം. പൊങ്കൽ റിലീസായി ജനുവരിയിലാണ് ചിത്രം തിയേറ്ററിലെത്തുക. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.