sanjay-dutt

വെള്ളിത്തിരയിലെ താരങ്ങളോടുള്ള ആളുകളുടെ ആരാധന പല തരത്തിലുണ്ട്. പ്രിയപ്പെട്ട താരങ്ങളെ ഒരു നോക്ക് കാണാനോ പരിചയപ്പെടാനോ ഒക്കെ വേണ്ടി ഏതറ്റം വരെയും പോകുന്നവരുമുണ്ട്. എന്നാല്‍ ഇഷ്ടതാരത്തിനായി 72 കോടിയുടെ സ്വത്ത് എഴുതിവെച്ച ഒരു ആരാധികയെപ്പറ്റി പറഞ്ഞാല്‍ വല്ലാതെ അവിശ്വനീയമായി തോന്നും. പക്ഷേ ബോളിവുഡ് താരം സഞ്ജയ് ദത്തിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആരാധിക നിഷാപാട്ടീല്‍. നിഷയുടെ മരണശേഷം പൊലീസാണ് അവരുടെ വില്‍പ്പത്രത്തില്‍ സഞ്ജയ് ദത്തിന് കോടികളുടെ സ്വത്ത് എഴുതിവെച്ച കാര്യം അറിയിച്ചത്.

ഇങ്ങനെയൊക്കെ ആരാധനയുണ്ടോ എന്ന് ചിന്തിച്ചുപോകുന്ന തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീല്‍ ജീവിതത്തിലൊരിക്കലും സഞ്്ജയ് ദത്തിനെ നേരില്‍ കണ്ടിട്ടുപോലുമില്ല. എന്നാല്‍ അവസാന കാലത്ത് മാരകമായ രോഗത്തോട് പൊരുതി ജീവിതത്തോട് വിടപറഞ്ഞ നിഷ പാട്ടീലിന്‍റെ വില്‍പ്പത്രമാണ് എല്ലാവരെയും ഞെട്ടിച്ചത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു.

തന്റെ ആരാധിക ഇത്രയും വലിയൊരു നടപടി സ്വീകരിച്ചിട്ടും, സ്വത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് സഞ്ജയ് ദത്തിന്‍റെ നിലപാട്. നിഷ പാട്ടീലിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും ഈ സാഹചര്യത്തില്‍ താന്‍ വളരെയധികം വേദനിക്കുവെന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം. 72 കോടി രൂപയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശ്യമില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. 'ഞാന്‍ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, മുഴുവന്‍ സംഭവവും എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു' സഞ്ജയ് പറഞ്ഞു.

ഒരു സിനിമയ്ക്ക് 8-15 കോടി രൂപ പ്രതിഫലം വാങ്ങുന്ന താരമായ സഞ്ജയ് ദത്തിന്‍റെ ആസ്തി 295 കോടിയാണ്. കൂടാതെ ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമസ്ഥാവകാശവുമള്ള താരത്തിന് മുംബൈയിലും ദുബായിലുമായി ആഡംബര വാഹനങ്ങളും സ്വത്തുക്കളുമുണ്ട്. 

ENGLISH SUMMARY:

Nisha Patil, a homemaker from Mumbai, had prepared a sale deed transferring her assets worth ₹72 crore to Bollywood actor Sanjay Dutt after her death. However, she had never met Sanjay Dutt in person even once in her lifetime. The actor was shocked by his admirer’s unexpected decision. The police informed him about the sale deed only after Nisha’s demise. Sanjay Dutt stated that he would not make any claim over the assets.