image: Tamizhachi Updates/fbpage
അമ്മയായതിന് ശേഷം സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജ്യോതിക. തെന്നിന്ത്യന്‍ സിനിമയില്‍, പ്രത്യേകിച്ചും തമിഴില്‍ നടിമാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവര്‍ വെളിപ്പെടുത്തി. നടിമാര്‍ക്കായി, അല്ലെങ്കില്‍ നായികാ പ്രാധാന്യമുള്ള സിനിമകള്‍ എടുക്കാന്‍ ഇന്ന് സംവിധായകരില്ല. പ്രമുഖ സംവിധായകരാരും അതിന് തയ്യാറാവാറില്ലെന്നും ബജറ്റ് പരിമിതമാണെന്നും താരം പറയുന്നു. 'ഫീവര്‍ എഫ്എമ്മി'ന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. താന്‍ അമ്മയായ ശേഷം സൂപ്പര്‍താരങ്ങളുടെ നായികാ വേഷം തനിക്ക് ലഭിച്ചിട്ടില്ലെന്നും 28–ാം വയസിലാണ് ഇത് സംഭവിച്ചതെന്നും ജ്യോതിക തുറന്ന് പറയുന്നു. നടന്‍മാര്‍ക്ക് പ്രായമാകാന്‍ പ്രേക്ഷകരും സംവിധായകരും സമ്മതിക്കുന്നുണ്ടെങ്കിലും നടിമാരെ അത്തരത്തില്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'തെന്നിന്ത്യയിലെ കാര്യം വലിയ കഷ്ടമാണ്. 28–ാം വയസിലാണ് ഞാന്‍ അമ്മയാകുന്നത്. വൈവിധ്യമാര്‍ന്ന വേഷങ്ങളാണ് അതിന് ശേഷം ഞാന്‍ ചെയ്തിട്ടുള്ളത്. എന്നിരുന്നാലും ഒരു നായകനൊപ്പമോ, ഒരു സൂപ്പര്‍താരത്തിനൊപ്പമോ എന്‍റെ 28–ാം വയസിന് ശേഷം അഭിനയിച്ചതായി എനിക്കോര്‍മയില്ല. പുതിയ സംവിധായകരാണ് പിന്നെയും വേഷങ്ങള്‍ നല്‍കിയത്. പ്രായമാകുന്നുവെന്നതാണ് ഇതിന് കാരണമായി പറയുന്നത്. തമിഴ്നാട്ടിലാണ് ഇത് കൂടുതലായും കണ്ടുവരുന്നതെന്നും ജ്യോതിക പറയുന്നു.
കെ.ബാലചന്ദറിനെ പോലെയുള്ള സംവിധായകരുടെ അഭാവം തമിഴില്‍ നന്നായി അനുഭവപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കുറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീ പ്രാധാന്യമുള്ള സിനിമകളെടുക്കാന്‍ ആരെങ്കിലും തയ്യാറാകുമ്പോള്‍ തന്നെ ബജറ്റ് ചുരുങ്ങും. ഇത്തരം പ്രതിസന്ധികളോട് പോരാടിയാണ് നടിമാര്‍ കരിയറും ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ജ്യോതിക വിശദീകരിച്ചു.
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2006 സെപ്റ്റംബര്‍ 11നാണ് ജ്യോതിക, തമിഴ് സൂപ്പര്‍താരം സൂര്യയെ വിവാഹം കഴിച്ചത്. ദിയ, ദേവ് എന്നീ മക്കളും ഇരുവര്‍ക്കുമുണ്ട്. 1999ല്‍ 'പൂവെല്ലാം കേട്ടുപ്പാര്‍' എന്ന ചിത്രത്തിലാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.