ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക നികുതി അടയ്ക്കുന്ന സിനിമ താരമായി അമിതാഭ് ബച്ചന്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 120 കോടി രൂപയാണ് അമിതാഭ് ബച്ചന്‍ ആദായ നികുതി അടച്ചത്. 2025 മാര്‍ച്ച് 15 നുള്ള അവസാന അഡ്വാന്‍സ് ടാക്സ് തവണയായ 52.5 കോടി രൂപ ബച്ചന്‍ അടച്ചു എന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 350 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ബച്ചന്‍റെ വരുമാനമായി കണക്കാക്കിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം വരെ ഷാരൂഖ് ഖാനായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടച്ച സിനിമാ താരം. 92 കോടി രൂപയായിരുന്നു കിങ് ഖാന്‍റെ നികുതി ബാധ്യത. ഷാരൂഖിനേക്കാള്‍ 30 ശതമാനം അധിക നികുതിയാണ് ബച്ചന്‍ ഈ വര്‍ഷം അടച്ചത്. കഴിഞ്ഞ വര്‍ഷം 71 കോടി രൂപ നികുതി അടച്ച ബച്ചന്‍ നാലാം സ്ഥാനത്ത് നിന്നാണ് ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.
കഴിഞ്ഞ വര്‍ഷം 80 കോടി രൂപ നികുതി അടച്ച തമിഴ് നടന്‍ വിജയ്, 75 കോടി രൂപ അടച്ച സല്‍മാന്‍ ഖാന്‍ എന്നിവരെയും ബച്ചന്‍ മറികടന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിരാട് കോലി– 66 കോടി രൂപ, അജയ് ദേവ്‍ഗണ്‍– 42 കോടി രൂപ, എം.എസ് ധോണി- 38 കോടി രൂപ, രണ്‍ബീര്‍ കപൂര്‍– 36 കോടി, ഹൃതിക് റോഷന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍– 28 കോടി എന്നിങ്ങനെയാണ് സെലിബ്രറ്റികളുടെ നികുതി.
ബച്ചന്‍റെ വരുമാനം
350 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ബച്ചന്‍റെ വരുമാനമായി കണക്കാക്കിയിട്ടുള്ളത്. സിനിമ, ബ്രാന്‍ഡുകളുമായുള്ള കരാര്‍, ടെലിവിഷന് പരിപാടി എന്നിവയാണ് 82 കാരനായ ബച്ചന്‍റെ വരുമാനത്തില്‍ പ്രധാനപ്പെട്ടവ. അവസാനമായി കല്‍ക്കി 2898എഡി യിലും രജനികാന്തിനൊപ്പം വേട്ടൈയാനിലുമാണ് ബച്ചന്‍ അഭിനയിച്ചത്. 20 കോടി രൂപയാണ് ഒരു ചിത്രത്തിന് ബച്ചന്‍ വാങ്ങുന്നതെന്നാണ് വിവരം. വേട്ടൈയാനിലൂടെയുള്ള തമിഴ് അരങ്ങേറ്റത്തിന് 7 കോടി രൂപയാണ് ബച്ചന്‍ വാങ്ങിയതെന്നും വിവരമുണ്ട്.
കോൻ ബനേഗ ക്രോർപതി എന്ന ടെലിവിഷന്‍ പരമ്പരയുടെ മുഖമാണ് ബച്ചന്‍. വരുമാനത്തിന്‍റെ നല്ലൊരു ഭാഗം എത്തുന്നതും ഇതുവഴി. 52 എപ്പിസോഡുകളുണ്ടായ സീസണ്‍ 9 ല്‍ ഓരോ എപ്പിസോഡിനും 2.90 കോടി രൂപയാണ് ബച്ചന് ലഭിച്ചത്. സീസണ്‍ പത്തില്‍ 3 കോടി രൂപ വീതമാണ് വരുമാനം. 60 എപ്പിസോഡാണ് പത്താം സീസണില്‍ നടന്നത്. 11-13 സീസണ്‍ വരെ 3.50 കോടി രൂപയാണ് എപ്പിസോഡിന് ബച്ചന് ലഭിക്കുന്നത്.
മാര്‍ച്ച് 11 ന് അവസാനിച്ച 16-ാം എപ്പിസോഡിന് ഏകദേശം 5 കോടി രൂപയാണ് ബച്ചന്‍ വാങ്ങിയത്. 2025 ൽ ബച്ചന്‍റേതായ പ്രധാന പദ്ധതികള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കല്‍കിയുടെ രണ്ടാം ഭാഗം ഈ വര്‍ഷം ആരംഭിക്കുമെന്നും വിവരമുണ്ട്. ഇതാണ് ഈ വർഷം അദ്ദേഹത്തിന്‍റെ വരുമാനത്തില്‍ പ്രതിഫലിച്ചത്.