image: instagram.com/iamshruthinarayanan
ഓഡിഷന്‍റേതെന്ന പേരില്‍ ചിത്രീകരിച്ചതെന്ന സ്വകാര്യ വിഡിയോ ചോര്‍ന്നതില്‍ പ്രതികരിച്ച് നടി ശ്രുതി നാരായണന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ലീക്കായ വിഡിയോയെ കുറിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായി ഇന്‍സ്റ്റ സ്റ്റോറിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ എഐ ജനറേറ്റഡ് വിഡിയോയാണ് പ്രചരിക്കുന്നതെന്ന സൂചനകളാണ് നടി നല്‍കുന്നത്. ഇത്തരം വിഡിയോകള്‍ പ്രചരിപ്പിക്കുന്ന നിങ്ങള്‍ക്ക് വെറും തമാശ മാത്രമായിരിക്കാം. പക്ഷേ എനിക്കും എന്‍റെ ഉറ്റവര്‍ക്കും കടുത്ത വേദനയാണിത് നല്‍കുന്നത്. എങ്ങനെ ഈ അവസ്ഥയെ മറികടക്കുമെന്ന് പോലും അറിയാത്ത സ്ഥിതിയിലാണ് താനുള്ളതെന്നും അവര്‍ കുറിച്ചു.
'ഞാനും ഒരു സ്ത്രീയാണ്, എനിക്കും എന്‍റെ പ്രിയപ്പെട്ടവര്‍ക്കും ഇതെല്ലാം വേദനയാണ് ഉണ്ടാക്കുന്നത്. നിങ്ങള്‍ അത് കൂട്ടിക്കൊണ്ടേയിരിക്കുകയാണ്. ദയവ് ചെയ്ത് കാട്ടുതീ പോലെ ഇതിങ്ങനെ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് എന്‍റെ അഭ്യര്‍ഥന. നിങ്ങളുടെ അമ്മയുടെയും സഹോദരിമാരുടെയും വിഡിയോ ആണെങ്കില്‍ ഇരുന്ന് കാണുമോ? അവര്‍ക്കും എന്‍റേത് പോലുള്ള ശരീരമാണ് ഉള്ളത്. എന്തിനാണ് സ്ത്രീകളെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നത്? ഇത്തരം വിഡിയോകള്‍ കാണുന്നവരും ചോര്‍ത്തുന്നവരും കുറ്റക്കാരല്ലേ?' ഇത്തരം സംഭവങ്ങളോടുള്ള ആളുകളുടെ പ്രതികരണം അറപ്പുളവാക്കുന്നതാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'എല്ലാ സ്ത്രീകള്‍ക്കും നിങ്ങളുടെ അമ്മയുടേതും മുത്തശ്ശിയുടേതും പെങ്ങളുടേതും ഭാര്യയുടേതും പോലെ തന്നെയുള്ള ശരീരമാണുള്ളത്. വേറെയൊന്നുമില്ല. ഇത് കേവലമൊരു വിഡിയയല്ല, മറ്റൊരാളുടെ മാനസിക ആരോഗ്യവും ജിവിതവുമൊക്കെയാണ്. എഐ വഴി നിര്‍മിച്ച ഇത്തരം വിഡിയോകള്‍ കാണുമ്പോഴും പ്രചരിപ്പിക്കുമ്പോഴും നിങ്ങള്‍ അതിലൊരു ഭാഗമാവുകയാണ്. ദയവ് ചെയ്ത് ലിങ്ക് ചോദിക്കുന്നതും ഷെയര്‍ ചെയ്യുന്നതും നിര്‍ത്തി മനുഷ്യരെ പോലെ ജീവിക്കാമോ? സ്വകാര്യ വിഡിയോകള്‍ അത് ശരിക്കുമുള്ളതാണെങ്കിലും ഡീപ് ഫെയ്ക്ക് ആണെങ്കിലും പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്'. നിയമത്തിന് അതിന്‍റേതായ മാര്‍ഗങ്ങളുമുണ്ടെന്നും താരം വിശദീകരിച്ചു.
ഓഡിഷനായി വിളിച്ചതനുസരിച്ച് നടി എത്തിയെന്നും അവിടെ വച്ച് ചില സ്വകാര്യ രംഗങ്ങള്‍ അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ രംഗങ്ങളില്‍ അഭിനയിച്ച നടിയുടെ വിഡിയോ ചിത്രീകരിച്ച ശേഷം പിന്നീട് വിവരം അറിയിക്കാമെന്ന് പറഞ്ഞ് മടക്കി അയച്ചു. അടുത്തയിടെ വ്യാപകമായി വിഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഓഡിഷന്‍ തട്ടിപ്പില്‍പ്പെട്ടതായി നടി അറിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
തമിഴ് ടിവി സീരിയലുകളിലൂടെയാണ് ശ്രുതി പ്രശസ്തയായത്. 'സിറകടിക്ക ആസൈ' എന്ന പരിപാടി താരത്തിന്‍റെ ജനപ്രീതിയേറ്റി. 2023 ജനുവരിയില്‍ ആരംഭിച്ച ഈ പരിപാടിയില്‍ വെട്രി വാസന്തും ഗോമതി പ്രിയയും ശ്രുതിക്കൊപ്പമുണ്ട്. സാമന്തയ്ക്കൊപ്പം സിറ്റാഡല്‍ ഹണി ബണിയിലും, കാര്‍ത്തിഗൈ ദീപം, മാരി, എന്നീ ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.