തുടര്‍ച്ചയായ റീ റിലീസ് ചരിത്രത്തില്‍ തമിഴ്നാട്ടില്‍ റെക്കേഡുകള്‍ തീര്‍ക്കുകയാണ് വിജയ് ചിത്രം ഗില്ലി. രണ്ടു പതിറ്റാണ്ടിനുശേഷം 4 കെ ദൃശ്യമികവോടെ വീണ്ടും പ്രദര്‍ശനത്തിനെത്തിയ ചിത്രം വന്‍ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരിക്കുകയാണ്. ഓപ്പണിംഗില്‍ തന്നെ ചിത്രം സ്വന്തമാക്കിയത് 11 കോടിയോളം രൂപയാണ്. ഹോളിവുഡ് ചിത്രമായ ജെയിംസ് കാമറൂണിന്റെ 'അവതാര്‍', ബോളിവുഡ് ചിത്രം 'ഷോലെ' എന്നീ സിനിമകള്‍ വീണ്ടും റിലീസായപ്പോള്‍ ലഭിച്ചിരുന്ന കളക്ഷന്‍ റെക്കോഡാണ് 'ഗില്ലി' ഭേദിച്ചത്.
തമിഴ് സിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നും വിജയ് എന്ന സൂപ്പർതാരത്തിന്റെ ഉദയത്തിനു കാരണവുമായ ചിത്രമാണ് 2004 ൽ തിയറ്ററുകളിലെത്തിയ ‘ഗില്ലി’. ധരണി സംവിധാനം ചെയ്ത ചിത്രം ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 20ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോഴും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. 2004ല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ 50 കോടി കളക്ഷന്‍ നേടിയിരുന്നു. എട്ടു കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.
കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തില്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ടിയെന്ന വില്ലനായി പ്രകാശ് രാജ് കയ്യടി നേടിയിരുന്നു. ഗില്ലിയുടെ റീ റിലീസ് വിജയത്തിന് പിന്നാലെ വിജയ് യുടെ 50-ാം പിറന്നാളിന് 'വില്ല്' റീ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.