പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കൽക്കി 2898 എഡി തിയറ്ററുകളില്‍ ആവേശം തീര്‍ക്കുകയാണ്. ഹിറ്റടിച്ച് മുന്നേറുന്ന കല്‍ക്കി ആഗോള തലത്തില്‍  ഇതിനോടകം 700 കോടി കടന്നതായാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ വൈജയന്തി മൂവീസ് പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിൽ 95.3 കോടി നേടിയാണ് കല്‍ക്കിയുടെ ബോക്‌സ് ഓഫീസ് യാത്ര ആരംഭിച്ചത്. ചിത്രത്തിന്റെ ഏഴാം ദിവസത്തെ കലക്ഷന്‍ 23.2കോടി രൂപയാണ്. റിലീസിന് ശേഷം കളക്ഷനിൽ 75 ശതമാനം ഇടിവാണ്ടുയെന്നാണ് കണക്കുകള്‍ പറയുന്നത്. ആറാം ദിവസം മുതൽ ഏഴാം ദിവസം വരെ 14.23 ശതമാനം ഇടിവാണ് കലക്ഷനില്‍ വന്നത്. സാക്നിൽക് പുറത്തുവിടുന്ന കണക്ക് പ്രകാരം 393.4 കോടിരൂപയാണ് ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് നേടാനായത്.

ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്തത്. തെലുങ്ക് റിലീസ് ഇന്ത്യയിൽ ആദ്യ ആഴ്ചയിൽ 202.8 കോടി നേടി. അതേസമയം ഹിന്ദി പതിപ്പ്  152.5 കോടി നേടി. 199.45 കോടി നേടിയ ഫൈറ്ററിന് പിന്നിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ഇതോടെ കല്‍ക്കി മാറി. 149.49 കോടി കളക്ഷന്‍ നേടിയ അജയ് ദേവ്ഗണിന്റെ ഷൈത്താനെ കൽക്കി 2898 എഡി ഇതിനോടകം മറികടന്നു.

2024-ൽ ബോക്‌സ് ഓഫീസിൽ ഹിന്ദി സിനിമകൾക്ക് വെല്ലുവിളി നിറഞ്ഞ ഒരു വർഷമായിരുന്നു. അതിനാല്‍ തന്നെ കല്‍ക്കി തിയേറ്ററിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയേക്കാം. ആഗോളതലത്തിൽ, 2024-ലെ ഏറ്റവും വിജയകരമായ ഇന്ത്യൻ സിനിമയാണ് കല്‍ക്കി. റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് വൈജയന്തി മൂവീസ് 610 കോടി രൂപയുടെ ആഗോള വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദംഗൽ (2070 കോടി), ബാഹുബലി 2 (1788 കോടി), ആർആർആർ (1230 കോടി), കെജിഎഫ് ചാപ്റ്റർ 2 (1215 കോടി രൂപ) തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം കൽക്കി 2898 എഡിയും 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമോയെന്ന് കണ്ടറിയണം.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന, ദീപിക പദുക്കോൺ, അന്ന ബെൻ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുല്‍ഖറിന്റെ വേഫറർ ഫിലിംസാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി.അശ്വിനി ദത്താണ് ഈ നാഗ് അശ്വിന്‍ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്.

മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. നായിക കഥാപാത്രമായ 'സുമതി'യെ അവതരിപ്പിക്കുന്നത് ദീപിക പദുക്കോണാണ്. കേരളത്തിൽ 320 സ്ക്രീനുകളിലായാണ് കല്‍ക്കിയുടെ പ്രദർശനം തുടരുന്നത്. ഇതില്‍ 190 സ്ക്രീനുകളും ത്രീഡിയാണ്.

ENGLISH SUMMARY:

Kalki became the second highest grossing Hindi film of 2024