സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും കളക്ഷനില്‍ ഞെട്ടിച്ച് ഇന്ത്യന്‍ 2. ആദ്യ ദിനം ചിത്രം ഇന്ത്യയിലൊട്ടാകെ 26 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. 17 കോടിയോളം തമിഴില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കി. എന്നാല്‍ മോശം അഭിപ്രായം ചിത്രത്തിന് തിരച്ചടിയാകുമെന്നാണ് വിവരം. ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ തന്നെ സംവിധാനം ചെയ്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 200 കോടിയോളം രൂപ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്‍റെ നിർമാണ ചിലവ്. രണ്ടാം ഭാഗത്തില്‍ സേനാപതിയായി പ്രേക്ഷകരെ കമൽ ഹാസൻ നിരാശപ്പെടുത്തിയെന്നാണ് വിവരം.
ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. രവി വർമനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ട്.