ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വലിയ വിജയപ്രതീക്ഷയോടെയെത്തിയ ചിത്രമാണ് രജനികാന്തിന്‍റെ ‘വേട്ടയന്‍’. എന്നാല്‍ റിലീസ് ചെയ്ത് ഏതാനും ദിവസം കൊണ്ട് ചിത്രം ബോക്സോഫീസില്‍ മൂക്കുംകുത്തി വീഴുന്നതാണ് കണ്ടത്. ഇതോടെ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ സമീപിച്ചിരിക്കുകയാണ് ലൈക പ്രൊഡക്ഷന്‍സ്.

തങ്ങളുടെ അടുത്ത ചിത്രത്തില്‍ തലൈവര്‍ സഹകരിക്കണമെന്ന ആവശ്യമാണ് ലൈക മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് സൂചന. രജനികാന്ത് ഇതിന് സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ‘വേട്ടയന്’ മുന്‍പ് രജനികാന്തിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ‘ലാല്‍ സലാം’ ബോക്സ് ഓഫീസില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. രജനികാന്ത് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും അടുത്ത സിനിമയെങ്കിലും നേട്ടം കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് ലൈകയുടെ തീരുമാനത്തിനു പിന്നില്‍.

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന സിനിമകള്‍ പൂര്‍ത്തിയായ ശേഷം 2025 പകുതിയോടെ ലൈകയുടെ പുതിയ പ്രൊജക്ടില്‍ രജനികാന്ത് ചേരുമെന്നാണ് വിവരം. തമിഴിലെ ഹിറ്റ്മേക്കര്‍ വെങ്കട്ട് പ്രഭു അടക്കമുള്ള സംവിധായകരിലൊരാളെ പുതിയ പ്രൊജക്ടിന്‍റെ ഭാഗമാക്കാന്‍ ലൈക ആലോചിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ വിജയ് നായകനായെത്തിയ വെങ്കട്ട് പ്രഭു ചിത്രം ‘ഗോട്ട്’ കാര്യമായ ഓളം സൃഷ്ടിച്ചില്ല എന്ന വസ്തുതയും മുന്നിലുണ്ട്.

വേട്ടയന്‍ റിലീസ് ചെയ്ത ആദ്യവാരം 122.15 കോടിയാണ് ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് നേടിയത്. രണ്ടാം വെള്ളിയാഴ്ച നേടിയതാകട്ടെ 2.65 കോടി രൂപയും. അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാരിയര്‍ തുടങ്ങി വമ്പന്‍ താരനിരയുമായെത്തിയ ചിത്രം പ്രതീക്ഷ കെടുത്തി. ചിത്രത്തിനായി രജനികാന്ത് വന്‍തുക പ്രതിഫലം കൈപ്പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഫലം കുറയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കൂടി ലൈക പ്രൊഡക്ഷന്‍സ് രജനികാന്തിനു മുന്നില്‍ വച്ചിട്ടുണ്ടെന്നാണ് സൂചന.

ENGLISH SUMMARY:

Lyca Productions has requested Rajinikanth to sign yet another project with the banner, to recover from the losses they faced for making 'Vettaiyan'. The superstar is reportedly planning to compensate the makers by agreeing to their request.