ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്കര്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ഭാഷാഭേദമെന്ന്യേ തെന്നിന്ത്യയാകെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏഴു ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ്. 7 ദിവസം കൊണ്ട് 72 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഈ പോക്ക് പോയാല്‍ അധികം വൈകാതെ തന്നെ ലക്കി ഭാസ്കര്‍ 100 കോടി ക്ലബില്‍ ഇടംനേടുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ദുല്‍ഖറിന്‍റെ ആദ്യം 100 കോടി ചിത്രമാവും ലക്കി ഭാസ്കര്‍.
മുമ്പ് താരത്തിന്‍റെ മറ്റൊരു ചിത്രമായ സീതാ രാമം 98 കോടി നേടിയെങ്കിലും 100 കോടിയെന്ന സഖ്യ മറികടക്കാനായിരുന്നില്ല. ഇതും തെലുങ്ക് ചിത്രമായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത. എന്തായാലും 100 കോടിയില്ലെന്ന കുറവ് ഈ വര്‍ഷം തന്നെ നികത്തപ്പെടും എന്നാണ് ദുല്‍ഖര്‍ ആരാധകരുടെ പ്രതീക്ഷ.
ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്. മീനാക്ഷി ഛൗധരിയാണ് ചിത്രത്തില്‍ നായികയായത്.