വന്‍ പ്രതീക്ഷയുമായി എത്തിയ വരുൺ ധവാന്‍–കീർത്തി സുരേഷ് ചിത്രം ‘ബേബി ജോണി’ന് തിയറ്ററുകളില്‍ കാലിടറുന്നു. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ഇതുവരെ നേടിയ ആഗോള കലക്‌ഷൻ 19 കോടി രൂപ മാത്രമാണ്. 180 കോടിയാണ് മുടക്കുമുതല്‍.
ആദ്യദിനം 11 കോടി കലക്ട് ചെയ്തെങ്കിലും പ്രതികരണങ്ങൾ മോശമായതോടെ രണ്ടാംദിനം മുതൽ കലക്‌ഷൻ പകുതിയായി. 4.75 കോടിയായിരുന്നു രണ്ടാമത്തെ ദിവസം ലഭിച്ചത്. മൂന്നാം ദിനം അത് 3.65 കോടിയായി. വിജയ്–അറ്റ്‌ലി ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്ക് ആണ് ‘ബേബി ജോൺ’. കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വരുണ്‍ ധവാന്‍ ആദ്യമായി ആക്ഷന്‍ ഹീറോയായി എത്തിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയത്. ഒരു പുതുമയും അവകാശപ്പെടാനില്ലെന്നാണ് ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെത്താൻ കഴിഞ്ഞില്ലെന്നും ആറ്റ്‍ലി ചിത്രത്തിന്‍റെ റീമേക്കില്‍ ഇതിലുമേറെ പ്രതീക്ഷിച്ചെന്നും പറയുന്നവരുണ്ട്. റൊമാന്‍സിലും തമാശയിലും ഡ്രാമയിലുമൊക്കെ വിജയം കുറിച്ച വരുണിന്‍റെ ആക്ഷന്‍ അരങ്ങേറ്റം ഫ്ലോപ്പായെന്ന് ചുരുക്കം.