മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടം കോമഡി വേഷങ്ങളാണെന്ന് നടി ഉര്‍വശി. രാജമാണിക്യവും തുറുപ്പുഗുലാനുമെല്ലാം അദ്ദേഹം ആഗ്രഹിച്ച് ചെയ്തതാണ്. സീരിയസ് വേഷങ്ങളൊക്കെ കരിയര്‍ ബാലന്‍സ് ചെയ്യാന്‍ ഉദ്ദേശിച്ചുള്ളവയാണെന്നും മനോരമന്യൂസ് ‘നേരേ ചൊവ്വേ’ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു. ‘മമ്മൂക്കയുടെ ഉള്ളില്‍ എപ്പോഴും തമാശ പറയുന്ന ഒരു കുട്ടിയുണ്ട്. ഞാന്‍ പലപ്പോഴും വിചാരിക്കും, ഗൗരവക്കാരനാണെന്ന അഭിപ്രായം ഈ മനുഷ്യന് ഒന്നുമാറ്റിയെടുത്തുകൂടേ, കുറച്ചുകൂടി ലളിതമാക്കിക്കൂടേ എന്നൊക്കെ. പക്ഷേ മാറും, മമ്മൂക്ക അങ്ങനെയൊരു ആളാണ്’.
മമ്മൂക്കയുടെ ഉള്ളില്‍ ഒരുപാട് സംഗീതമുണ്ട്. നല്ല താളബോധവും ഉണ്ട്. പക്ഷേ ‘ഇത് ഞാന്‍ ചെയ്താല്‍ ശരിയാകുമോ’ എന്ന ചിന്തയാണ് അദ്ദേഹത്തെ പലപ്പോഴും പലതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് ഉര്‍വശി വെളിപ്പെടുത്തി. ‘ഇഷ്ടവും സ്വാതന്ത്ര്യവുമുള്ളവരെ കണ്ടാല്‍ മമ്മൂക്ക ഒത്തിരി തമാശയും കാര്യങ്ങളുമൊക്കെ പറയും. സെറ്റുകളിലും അല്ലാതെയും ഒക്കെ എനിക്ക് അനുഭവമുള്ള കാര്യമാണ്. കോവിഡ് കാലത്ത് ഒടിടിയില്‍ ആദ്യമായി പടങ്ങള്‍ വന്ന സമയം. ഞാന്‍ അഭിനയിച്ച മൂക്കുത്തി അമ്മന്‍. സുരറൈ പോട്ര് എന്നീ രണ്ടുപടങ്ങള്‍ ഇറങ്ങി. പിന്നെ ഒരു ആന്തോളജിയും. മമ്മൂക്ക എന്നെ കോവിഡ് സമയത്ത് വിളിച്ചുപറഞ്ഞത് സുരറൈ പോട്രിനെക്കുറിച്ചല്ല, മൂക്കുത്തിയമ്മന്‍ എന്ന തമാശപ്പടം കണ്ടിട്ടുള്ള അഭിപ്രായമാണ്. അപ്പോള്‍ ഒന്നാലോചിച്ചുനോക്കൂ ആ മനസ്’.
ഉര്‍വശി പങ്കെടുത്ത ‘നേരെ ചൊവ്വേ’ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് ഡോട്ട് കോമിലും യൂട്യൂബ് ചാനലിലും മനോരമ മാക്സിലും കാണാം.