thudarum-trailer

എമ്പുരാന്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മോഹന്‍ലാല്‍–ശോഭന ചിത്രം ‘തുടരും’ട്രെയിലര്‍ റിലീസ് ചെയ്തു. വിന്റേജ് ലുക്കിലെത്തുന്ന മോഹന്‍ലാലിന്റെ അതിഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ ട്രെയിലറില്‍ കാണാനാവുന്നത്. ചിരിക്കാനേറെ വകയുള്ള ട്രെയിലറിന്റെ ഒരു ഘട്ടത്തില്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാവും ചിത്രമെന്ന സൂചനയും നല്‍കുന്നുണ്ട്. സന്തതസഹചാരിയായ കാറുമായുള്ള ബന്ധമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദുവെന്നാണ് ട്രെയിലറിലൂടെ വ്യക്തമാകുന്നത്. ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍–ശോഭന ഹിറ്റ് ജോഡി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

മോഹൻലാലിനൊപ്പം ശോഭന,ബിനു പപ്പു,മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയിലറിൽ കാണാം. സസ്പെന്‍സുകള്‍ പലത് പ്രതീക്ഷിക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. താടിവച്ച ലുക്കിലാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്. ‘ഇന്ത താടിയിലേ ആര്‍ക്കാ പ്രശ്നം’ എന്നുതുടങ്ങുന്ന താടിയുമായി ബന്ധപ്പെട്ട ഡയലോഗുകളും ട്രെയിലറിലുണ്ട്. പഴയ ലാലേട്ടനെ കാണാന്‍ സാധിച്ചുവെന്നാണ് ട്രെയിലര്‍ കണ്ട ആരാധകര്‍ വിലയിരുത്തുന്നത്. 

തരുണ്‍ മൂര്‍ത്തി സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘തുടരും’. മോഹന്‍ലാലും ശോഭനയും ചേര്‍ന്ന പഴയ ഫോട്ടോയാണ് തമ്പ്നെയില്‍ ആയി ട്രെയിലര്‍ വിഡിയോക്ക് നല്‍കിയിരിക്കുന്നത്. ദൃശ്യം മോഡലിലുള്ള ചിത്രമായിരിക്കുമെന്നും ആരാധകര്‍ വിലയിരുത്തുന്നുണ്ട്. 

ENGLISH SUMMARY:

With just hours left for the release of Empuran, the trailer of the Mohanlal–Shobhana starrer Thudarum has been released. Mohanlal’s spectacular performance in a vintage look is what stands out in the film's trailer.