അക്ഷയ് കുമാറിന്‍റേതായി ഏറ്റവും പുതുതായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് കേസരി ചാപ്റ്റര്‍ 2. സ്വാതന്ത്ര്യസമരകാലത്തെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ അക്ഷയ്യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ശങ്കരന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കേസരിയില്‍ അവതരിപ്പിക്കുന്നത്. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി.ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചനകള്‍.
മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഏപ്രിൽ 18നാണ് റിലീസ് ചെയ്യുന്നത്. കോവിഡിന് ശേഷം തുടര്‍ച്ചയായി പരാജയങ്ങള്‍ ലഭിക്കുന്ന അക്ഷയ് കുമാറിന്റെ തിരിച്ചുവരവാകും ചിത്രം എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കരൺ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധർമ്മ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമക്ക് അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.