karan-kangana

TOPICS COVERED

 വിമാനത്താവളത്തില്‍ കങ്കണ റനൗട്ടിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍. സംവിധായകനായ കരണ്‍ ജോഹാര്‍ അടക്കമുള്ളവരാണ് നടിയും നിയുക്ത എം. പിയുമായ കങ്കണ റനൗട്ടിന് പിന്തുണയുമായി രംഗത്തെത്തിയത്. വാക്കുകൊണ്ടോ ശാരീരികമായതോ ആയ ഒരു തരത്തിലുള്ള ആക്രമണങ്ങളെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും കരണ്‍ ജോഹാര്‍ പറഞ്ഞു.

അതേസമയം, മുന്‍പ് കരണ്‍ ജോഹാറിനെതിരെ കങ്കണ വലിയ വിമര്‍ശനങ്ങളുയര്‍ത്തി രംഗത്തെത്തയിരുന്നു. കരണ്‍ ജോഹാര്‍ നെപ്പോട്ടിസം പ്രമോട്ട് ചെയ്യുകയാണെന്നായിരുന്നു കങ്കണയുടെ വിമര്‍ശനം. കോഫി വിത്ത് കരണ്‍ എന്ന അദ്ദേഹത്തിന്‍റെ ഷോ ബോളിവുഡില്‍ നെപ്പോട്ടിസം പിന്തുണയ്ക്കുന്നെന്നും അദ്ദഹം ഒരു ‘നെപോ മാഫിയ’യാണെന്നും വിമര്‍ശനം നീണ്ടു.

ഇതിന് മുന്‍പ് മുതിര്‍ന്ന അഭിനേതാക്കളായ ഷബാന അസ്മി, അനുപം ഖേര്‍ തുടങ്ങിയവരും കങ്കണയ്ക്കെതിരെ നടന്ന ആക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു, കങ്കണയോടുള്ള സ്നേഹം കുറഞ്ഞിട്ടില്ലെന്നും, ‘അടി’ആഘോഷിക്കുന്നവരുടെ കൂടാന്‍ താനില്ലെന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ നിയമം കയ്യിലെടുക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ആരും സുരക്ഷിതരായിരിക്കില്ലെന്നും അസ്മി എക്സില്‍ കുറിച്ചു.

സംഭവത്തില്‍ ഖേദമുണ്ടെന്നും, സ്വന്തം പദവിയെ ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥ ചെയ്തത് ശരിയായില്ല, അവര്‍ക്ക് പരാതികള്‍ ഉണ്ടാകാം, എന്നാല്‍ അധികാരം ദുരുപയോഗം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല, ഒരു തരത്തിലുള്ള അക്രമവും ആര്‍ക്കും നേരെയും പാടില്ലെന്ന് അനുപം ഖേര്‍ കുറിച്ചു. ജൂണ്‍ 6ന് സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥ കങ്കണയെ മര്‍ദ്ദിച്ചത്. ഡല്‍ഹിയില്‍ എത്തിയ ഉടന്‍ തന്നെ തീവ്രവാദം ഉയര്‍ന്നുവരികയാണെന്ന് ചൂണ്ടിക്കാട്ടി കങ്കണ ഒരു വിഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. എന്നാല്‍ തന്‍റെ അമ്മ അടക്കമുള്ള കര്‍ഷകരെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് താന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥയായിരുന്ന കുല്‍വീന്ദര്‍ കൗറിന്‍റെ വിശദീകരണം.

ENGLISH SUMMARY:

Filmmaker Karan Johar said he doesn't condone violence in any form when asked about the alleged assault on actor-politician Kangana Ranaut at an airport.