akshay-kumar

Image Credit: Facebook

ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാനാവാതെ കുഴയുകയാണ് അക്ഷയ് കുമാര്‍ ചിത്രം സര്‍ഫിറാ. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കാണ് സര്‍ഫിറാ. കോവിഡ് പ്രതിസന്ധി മൂലം തിയേറ്ററില്‍ റിലീസ് ചെയ്യാനാകാതെ പോയ സൂരറൈ പോട്ര് ഒടിടി വഴിയാണ് പുറത്തിറക്കിയത്. വലിയ പ്രേക്ഷകസ്വീകാര്യതയാണ് ചിത്രം നേടിയത്. എന്നാല്‍ ജൂലൈ 12 ന് റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രം സര്‍ഫിറായ്ക്ക് തണുപ്പന്‍ പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുധാ കൊങ്കര തന്നെയാണ് സര്‍ഫിറാ സംവിധാനം ചെയ്തിരിക്കുന്നത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. 

കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ച്ചകള്‍ അക്ഷയ് കുമാര്‍ നേരിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആണ് സര്‍ഫിറയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ തന്‍റെ സിനിമകൾ പരാജയപ്പെടുന്ന സമയത്ത് ബോളിവുഡിലെ ചിലർ അത് ആഘോഷിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. ഒരു പ്രമുഖ ചാനവുമായുളള അഭിമുഖത്തിനിടെയാണ് താരം ഇതേക്കുറിച്ച് തുറന്നടിച്ചത്. ബോളിവുഡിലെ മുൻനിര താരമായതിനാല്‍ സിനിമകളുടെ ജയ പരാജയങ്ങളുമായി ബന്ധപ്പെട്ട് അക്ഷയ് കുമാറിന് മേലുള്ള നിരീക്ഷണം ശക്തമല്ലെ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

'അതേ, ആ നിരീക്ഷണം എല്ലായിപ്പോഴുണ്ട്. നാലഞ്ച് പടങ്ങള്‍ പരാജയപ്പെട്ടാല്‍ ഇന്‍ട്രസ്ട്രിയിലെ ചില ആളുകള്‍ തന്നെ അത് കണ്ട് സന്തോഷിക്കും.  താനത് നേരിട്ട് കണ്ടിട്ടുണ്ട്. അയാളുടെ പടം പരാജയപ്പെട്ടു എന്നു പറഞ്ഞ് അവര്‍ ചിരിക്കാറുമുണ്ട്' എന്നായിരുന്നു അക്ഷയ് കുമാറിന്‍റെ മറുപടി. താനീ പറഞ്ഞ ആളുകള്‍ സിനിമാരംഗത്തുളളവരാണെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി. 'സിനിമകള്‍ ഓടാത്തത് പല തവണ ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാവരും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണം. സിനിമകള്‍ നല്ല പ്രകടനം കാഴ്ച്ചവെയ്ക്കണം എന്നതാണ് പ്രധാനം. അത് അച്ഛന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഉപദേശം നല്‍കാന്‍ നിരവധി പേരുണ്ടാകും. എപ്പോഴും ഒരു നിർമ്മാതാവിന്‍റെ ആളായി ഇരിക്കുക.  നിന്‍മ്മാതാവിന്‍റെ വേദന നമ്മുടെത് കൂടിയാകണം' എന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാര്‍ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. രാം സേതു, ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ യാതൊരുവിധ ചലനവും സൃഷ്ടിച്ചില്ല. ഓ മൈ ഗോഡ് എന്ന അമിത് റായ് ചിത്രം മാത്രമാണ് ബോക്സ് ഓഫീസില്‍ വിജയിക്കുകയും നല്ല അഭിപ്രായം നേടുകയും ചെയ്തത്. 

ENGLISH SUMMARY:

Akshay Kumar reveals there’s infighting within Bollywood