modi-ranbir

Image Credit: Facebook

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള തന്‍റെ ആരാധന വെളിപ്പെടുത്തി ബോളിവുഡ് താരം രണ്‍ബിര്‍ കപൂർ. രാഷ്ട്രീയ വിഷയങ്ങളില്‍ തനിക്ക് കാര്യമായ അറിവൊന്നും ഇല്ലെങ്കിലും മോദിയെ താന്‍ ഒരുപാട് ആരാധിക്കുന്നുണ്ടെന്ന് രണ്‍ബീര്‍ വ്യക്തമാക്കി. നടന്‍ ഷാരൂഖ് ഖാനെ പോലെയാണ് മോദിയെന്ന് പറഞ്ഞ രണ്‍ബീര്‍ മോദി വലിയ വ്യക്തിത്വത്തിന് ഉടമയാണെന്നും ചൂണ്ടിക്കാട്ടി. നിഖിൽ കാമത്തുമായുളള ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് രണ്‍ബീര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വാചാലനായത്.

രണ്‍ബിറിന്‍റെ രാഷ്ട്രീയ ചിന്താഗതി, നിലപാടുകള്‍ എന്നിവയെക്കുറിച്ചായിരുന്നു നിഖില്‍ കാമത്തിന്‍റെ ചോദ്യം. എന്നാല്‍ തനിക്ക് രാഷ്ട്രീയ വിഷയങ്ങളില്‍ കാര്യമായ അറിവില്ലെന്നും ആധികാരികമായി അതിനെ കുറിച്ച് ചിന്തിക്കാറില്ലെന്നും പറഞ്ഞ രണ്‍ബിര്‍ പ്രധാനമന്ത്രി മോദിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും വ്യക്തമാക്കി. മോദിയുമായുളള കൂടിക്കാഴ്ച്ചയും അതിലൂടെയുണ്ടായ അനുഭവങ്ങളും താരം പങ്കുവച്ചു.

'നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും മറ്റുചില താരങ്ങളും സംവിധായകരും ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി പോയി. നിങ്ങളദ്ദേഹത്തെ ടി.വിയിൽ കണ്ടിട്ടുണ്ടാവും. സംസാരിക്കുന്നതും കണ്ടിരിക്കാം. അദ്ദേഹം വളരെ നല്ല പ്രാസംഗികനാണ്. ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തിത്വമാണ് മോദിയുടേത്. അദ്ദേഹം ഞങ്ങള്‍ ഓരോരുത്തരുടെയും അടുത്ത് വന്ന് വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്‍റെ അച്ഛന്‍റെ ചികില്‍സ നടക്കുന്ന സമയം കൂടിയായിരുന്നു അത്. അച്ഛന്റെ ആരോ​ഗ്യത്തേയും ചികിത്സയേയും കുറിച്ച് അദ്ദേഹം പ്രത്യേകം എടുത്ത് ചോദിച്ചു. ആലിയയോട് മറ്റെന്തൊക്കെയോ ആണ് അദ്ദേഹം ചോദിച്ചത്. അതേപോലെ തന്നെ വിക്കി കൗശാലിനോടും കരണ്‍ ജോഹറിനോടും വ്യത്യസ്തമായ കാര്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. എല്ലാവരോടും ഒരുപോലെ തന്നെയായിരുന്നു പ്രധാനമന്ത്രിയുടെ പെരുമാറ്റം' എന്നും രണ്‍ബിര്‍ പറഞ്ഞു.

എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്ന ഈ സ്വഭാവം വലിയ മഹാന്മാരില്‍ മാത്രമാണ് താന്‍ കണ്ടിട്ടുളളതെന്നും പ്രധാനമന്ത്രി അത്തരത്തില്‍ ഒരാളാണെന്നും രണ്‍ബിര്‍ പറഞ്ഞു. അദ്ദേഹത്തിന് ഇങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹം അത് ചെയ്തു. ഷാരൂഖ് ഖാന്‍ ഇതുപോലെ ഒരാളാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Ranbir Kapoor compares PM Narendra Modi with Shah Rukh Khan