യു.കെ വീസ നിഷേധിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. യു.കെയില്‍ ആര്‍ക്ക് പോണം? അവിടെ മുഴുവന്‍ കലാപമല്ലേ എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യു.കെ വീസ റദ്ദാക്കപ്പെട്ട സംഭവത്തില്‍ താരം പ്രതികരിച്ചത്. സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായി യു.കെയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് താരത്തിന്‍റെ വീസ റദ്ദാക്കപ്പെട്ടത്. സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തില്‍ അഭിനയിക്കാനുളള അവസരവും ഇതോടെ സഞ്ജയ് ദത്തിന് ഉപേക്ഷിക്കേണ്ടി വന്നു. സഞ്ജയ് ദത്തിന് പകരം ആ വേഷത്തിലെത്തുന്നത് രവി കിഷനാണ്.
'നിയമം അനുസരിക്കുന്ന പൗരനാണ് ഞാന്‍. എല്ലാ രാജ്യത്തെയും നിയമങ്ങളോടും എനിക്ക് ബഹുമാനമാണ്'. എന്നാല്‍ തന്‍റെ കാര്യത്തില്‍ യു.കെ ചെയ്തത് തെറ്റാണെന്ന് സഞ്ജയ് ദത്ത് ചൂണ്ടിക്കാട്ടി. യു.കെ സര്‍ക്കാറിന്റെ നടപടി ശരിയല്ല. അവര്‍ ആദ്യം തനിക്ക് വീസ അനുവദിച്ചിരുന്നു. അതിനുളള പണവും താന്‍ നല്‍കിയിരുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തി യാത്രക്കായി കാത്തിരിക്കുമ്പോഴാണ് വീസ റദ്ദാക്കിയ വാര്‍ത്ത തന്നെത്തേടിയെത്തിയത് എന്ന് താരം പറയുന്നു. അവര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും താന്‍ നല്‍കിയിരുന്നെന്നും പ്രശ്നമുണ്ടെങ്കില്‍ ആദ്യമേ അക്കാര്യം അറിയിക്കണമായിരുന്നെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
'ഇപ്പോള്‍ ആര്‍ക്കാണ് യു.കെയില്‍ പോകേണ്ടത്. അവിടെയെല്ലായിടത്തും വലിയ കലാപം നടക്കുകയല്ലേ?. ഈ സാഹചര്യത്തില്‍ യു.കെയിലേക്ക് പോകരുതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പോലും പറഞ്ഞിട്ടുണ്ട്. എനിക്ക് നിലവില്‍ ഒന്നും നഷ്ടപ്പെടുന്നില്ലെന്നും സഞ്ജയ് ദത്ത് വ്യക്തമാക്കി. അതേസമയം, 1993 ലെ മുംബൈ സ്സ്‌ഫോടനക്കേസിന്‍റെ പശ്ചാത്തലത്തിലാണ് താരത്തിന് വീസ നിഷേധിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.