Image Credit: x/Twitter

ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തൊട്ടടുത്ത് നിന്ന വയോധികനെ ഷാരൂഖ് ഖാന്‍ തളളിമാറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ബോളിവുഡിന്‍റെ കിങ് ഖാനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്‌മെന്‍റ് അവാർഡ് സ്വീകരിക്കാനായി സ്വിറ്റ്‌സർലാൻഡിൽ എത്തിയതായിരുന്നു ഷാരൂഖ്. പരിപാടിക്കിടെ മാധ്യമങ്ങള്‍ താരത്തിന്‍റെ ഫൊട്ടോ പകര്‍ത്തുന്നതിനിടെയാണ് ഷാരൂഖ് തൊട്ടടുത്ത് നിന്ന വയോധികനെ തളളിമാറ്റിയത്. വിഡിയോക്ക് നേരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സംഭവത്തിന്‍റെ സത്യാവസ്ഥ അതല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഡിയോയുമായി ഷാരൂഖ് ആരാധകരും രംഗത്തെത്തിയിരുന്നു.‌

ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ റെഡ് കാര്‍പ്പെറ്റില്‍ ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഫ്രെയിമില്‍ കയറി നിന്ന വയോധികനെ ഷാരൂഖ് കൈകൊണ്ട് തളളിമാറ്റുന്നതാണ് വിഡിയോയിലുളളത്. ഷാരൂഖ് ഖാനെ പോലൊരു വ്യക്തിയില്‍ നിന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന ഭൂരിഭാഗം കമന്‍റുകളും. അതേസമയം ഇതേ വയോധികനൊപ്പം ഷാരൂഖ് ഖാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലേക്ക് നടന്നുവരുന്ന വിഡിയോയുമായി താരത്തിന്‍റെ ആരാധകര്‍ രംഗത്തെത്തി. ഷാരൂഖ് ഖാന് വളരെ അടുത്തറിയാവുന്ന സുഹൃത്തോ മറ്റോ ആകാമെന്ന് ആരാധകരുടെ വാദം. തമാശരൂപേണയുളള താരത്തിന്‍റെ പ്രവര്‍ത്തിയെ യാഥാര്‍ത്ഥ്യം അറിയാതെ വളച്ചൊടിക്കുകയാണ് ചിലര്‍ എന്നും ആരാധകര്‍ പറയുന്നു. 

ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ലാളിത്യം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ആരാധകഹൃദയം കീഴടക്കിയ താരം കൂടിയാണ് ഷാരൂഖ് ഖാന്‍. ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ താരത്തിന്‍റെ പ്രസംഗവും നിറഞ്ഞ കയ്യടി നേടിയിരുന്നു. അതേസമയം  മകൾ സുഹാന ഖാനും അഭിഷേക് ബച്ചനുമൊപ്പം കിംഗാണ് ഷാരൂഖിന്‍റെ ഏറ്റവും പുതിയ ചിത്രം. 

ENGLISH SUMMARY:

Shah Rukh Khan pushed an elderly man; controversy