ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും മലയാള സിനിമാ രംഗത്തെ ലൈംഗിക ചൂഷണ ആരോപണങ്ങളും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. നിരവധി പേരാണ് മലയാള സിനിമയിലെ മുന്നിരതാരങ്ങള്‍ക്കെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമാ ലോകത്തും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാലിപ്പോഴിതാ ബോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും എം.പിയുമായ കങ്കണ റനൗട്ട്. ബോളിവുഡ് താരങ്ങള്‍ വനിതാ സഹപ്രവര്‍ത്തകരെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കങ്കണ തുറന്നടിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ബോളിവുഡിലും വനിതാ പ്രവര്‍ത്തകര്‍ ലൈംഗിക ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. ബോളിവുഡ് താരങ്ങള്‍ എങ്ങനെയാണ് സത്രീകളെ ഉപദ്രവിക്കുന്നതെന്ന് അറിയാമോ? രാത്രി ഡിന്നറിന് വരണമെന്ന് പറഞ്ഞുകൊണ്ട് മെസേജ് അയക്കും. അത് വിശ്വസിച്ച് ചെല്ലുന്നവരെ ഉപദ്രവിക്കും' എന്നായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും കങ്കണ സംസാരിച്ചു. 'കൊല്‍ക്കത്തയില്‍ നടന്ന ബലാല്‍സംഘക്കൊലയിലേക്ക് നോക്കൂ. . എനിക്കെതിരെയുള്ള ബലാത്സംഗ ഭീഷണി നോക്കൂ. സ്ത്രീകളെ നമ്മള്‍ ബഹുമാനിക്കാറില്ലെന്ന് എല്ലാവര്‍ക്കും അറിയാം. സിനിമാ മേഖലയിലും ഇക്കാര്യത്തില്‍ മാറ്റമില്ല. കോളേജ് പയ്യന്മാർ പെൺകുട്ടികളെ കമന്റടിക്കും. അതേപോലെയാണ് സിനിമയിലെ നായകന്മാരെന്നും' കങ്കണ തുറന്നടിച്ചു. ജോലിസ്ഥലത്ത് ഒരു സ്ത്രീയെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും നമുക്കറിയാമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
അതേസമയം എമർജൻസിയാണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മുഖ്യവേഷത്തില്‍ അഭിനയിക്കുന്നതിനൊപ്പം എമര്‍ജന്‍സിയിലൂടെ സംവിധായികയുടെ തൊപ്പിയും കങ്കണ സ്വന്തമാക്കി. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായാണ് കങ്കണയെത്തുന്നത്.