റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹോളീവുഡ് ചിത്രം ഡെഡ്‌പൂൾ ആന്‍ഡ് വോൾവറിൻ പ്രീബുക്കിങ് കളക്ഷനില്‍ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. പ്രീബുക്കിങ് ആരംഭിച്ച് ആദ്യ ദിവസം തന്നെ 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതായി എഎംസി തിയറ്റര്‍ മേധാവി ആദം ആരോണ്‍ അറിയിച്ചു. ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമുകളിലുള്‍പ്പെടെ മികച്ച ടിക്കറ്റ് വില്‍പനയാണ് നടക്കുന്നത്.
ടിക്കറ്റ് വില്‍പനയുടെ ആദ്യ ദിവസത്തെ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ആരോൺ തന്‍റെ എക്സില്‍ കുറിച്ചതനുസരിച്ച് ആദ്യ ദിവസത്തെ വിൽപ്പന ഏകദേശം 8 മില്യൺ മുതൽ 9 മില്യൺ ഡോളർ വരെയാകുമെന്നാണ് ദി ഹോളിവുഡ് റിപ്പോർട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ റിലീസ് ദിവസം തന്നെ ചിത്രം 100 മില്യൺ ഡോളർ കടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ചയാണ് ഡെഡ്‌പൂൾ ആന്‍ഡ് വോൾവറിൻ. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം എന്നി ബോക്സോഫീസ് ഹിറ്റുകളുടെ സംവിധായകനാണ് അദ്ദേഹം. ചിത്രത്തില്‍ റയാൻ റെയ്നോൾഡ്സ് ആണ് വേഡ് വിൽസൺ എന്ന ഡെഡ്പൂളായെത്തുന്നത്.
2016 ല്‍ പുറത്തിറങ്ങിയ ഡെഡ്‌പൂള്‍, 2018-ലെ ഡെഡ്‌പൂൾ 2 എന്നീ ചിത്രങ്ങള്‍ 132.4 മില്യൺ ഡോളര്‍, 125 മില്യൺ ഡോളര്‍ എന്നിങ്ങനെയാണ് വാരിക്കൂട്ടിയത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 38ാമത്തെ ചിത്രമായിട്ടാണ് ഡെഡ്‌പൂൾ ആന്‍ഡ് വോൾവറിൻ എത്തുന്നത്. ജൂലൈ 25 ന് നടക്കാനിരിക്കുന്ന പ്രിവ്യൂവിന് ശേഷം ജൂലൈ 26 ന് ചിത്രം വടക്കേ അമേരിക്കയില്‍ റിലീസ് ചെയ്യും. തിങ്കളാഴ്ചയാണ് ചിത്രത്തിന്‍റെ പ്രീബുക്കിങ് ആരംഭിച്ചത്.