മുംബൈയിൽ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി നടൻ പൃഥ്വിരാജ്. ബോളിവുഡ് താരങ്ങളുടെ പ്രധാന ഇടമായ ബാന്ദ്രാ പാലി ഹിൽസിലാണ് താരം 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് സ്വന്തമാക്കിയത്. പൃഥ്വിയുടെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്‍റെ പേരിലാണ് വസതി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്‌സ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
മുംബൈയില്‍ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വീടാണിത്. നേരത്തെ 17 കോടിയുടെ വസതി പാലി ഹില്ലിൽ തന്നെ പൃഥ്വി വാങ്ങിയിരുന്നു. അടുത്ത കാലത്തായി ഒട്ടേറെ ബോളിവുഡ് താരങ്ങളാണ് പാലി ഹില്‍സില്‍ വീട് സ്വന്തമാക്കിയത്. ചെന്നൈക്ക് പോയസ് ഗോര്‍ഡന്‍ പോലെയാണ് മുംബൈയ്ക്ക് ബാന്ദ്രാ പാലി ഹിൽസ്. പാലി ഹില്‍സിലെ പുത്തന്‍ വീട് സ്വന്തമാക്കിയതോടെ അക്ഷയ് കുമാർ, രൺവീർ സിങ്, ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പൃഥ്വിയുടെ അയല്‍ക്കാരായി മാറി.
30 കോടി രൂപയ്ക്ക് പൃഥ്വിരാജ് സ്വന്തമാക്കിയ ഫ്ലാറ്റില്‍ 4കാറുകൾ വരെ പാർക്ക് ചെയ്യാനുളള സൗകര്യമുണ്ട്. 1.84 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടി അടച്ചാണ് പൃഥ്വിയും ഭാര്യ സുപ്രിയയും ആഡംബര വസതി സ്വന്തമാക്കിയതെന്നും സ്ക്വയർ യാർഡ്‌സ് വ്യക്തമാക്കി.നടിയും എംപിയുമായ കങ്കണ റനൗട്ട് 2017ൽ 20 കോടി രൂപയ്ക്ക് പാലി ഹില്‍സില്‍ വീട് സ്വന്തമാക്കിയിരുന്നു. പിന്നീടിത് 32 കോടി രൂപയ്ക്കാണ് വിറ്റുപോയത്.