മലയാള സിനിമാലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന എംപുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസിഫറിന്‍റെ പ്രീക്വല്‍ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം 2025 മാര്‍ച്ച് 27ന് തിയറ്ററിലെത്തും. എംപുരാന്‍റെ ആദ്യ ഭാഗമായ ലൂസിഫര്‍ ആഗോളതലത്തില്‍ വലിയ കലക്ഷന്‍ നേടി ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയിരുന്നു. സ്റ്റീഫന്‍ നെടുമ്പളളിയായും അബ്രാം ഖുറേഷിയായും മോഹന്‍ലാല്‍ വിസ്മയിപ്പിച്ച ചിത്രത്തിന്‍റെ അടുത്ത ഭാഗത്തിനായുളള കാത്തിരുപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ എംപുരാനെ കുറിച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എംപുരാനിലൂടെ യാഥാര്‍ഥ്യമാവുന്നതെന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നത്. അതിന്‍റെ കാരണവും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ച കുറിപ്പ്:
'എംപുരാന്‍ പൂര്‍ത്തിയാകുന്നതോടെ ആശിര്‍വാദിന്‍റെ 25 വര്‍ഷം നീണ്ട സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇക്കാലമത്രയും ഞങ്ങള്‍ ആഗ്രഹിച്ചത് എല്ലാവരും ശ്രദ്ധിക്കുന്ന ഒരു ചിത്രം എന്നതിലുപതി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് സൃഷ്ടിക്കണമെന്നാണ്. വ്യക്തിപരമായി ഞാന്‍ ഏറ്റവും പൂവണിയണമെന്ന് സ്വപ്നം കണ്ട ആഗ്രഹവും അതായിരുന്നു. ഈ പ്രൊജക്ടോടെ ആ സ്വപ്നം യാഥ്യാര്‍ഥ്യമായാതായി ഞങ്ങള്‍ കരുതുന്നു. മോഹന്‍ലാല്‍ സാര്‍ ഏറ്റവും മികച്ച നടനാണെന്നാണ് എപ്പോഴും എന്‍റെ വിശ്വാസം. പൃഥ്വിരാജ് സുകുമാരന്‍ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളും. കഴിവുറ്റ ഈ രണ്ട് പേരെയും ഒരുമിപ്പിച്ച്, മുരളി ഗോപിയുടെ തിരക്കഥയുടെ മികവില്‍ എത്തുന്ന ചിത്രം ഗംഭീരമായ ഒന്നായിരിക്കുമെന്നാണ് എന്‍റെ വിശ്വാസം'.
'കഴിഞ്ഞ 14മാസക്കാലമായി ഞങ്ങളുടെ ടീമിലെ ഓരോരുത്തരുടെയും അര്‍പ്പണവും അധ്വാനവുമാണ് ഈ ചിത്രം. ലാല്‍ സാറിനോടും പൃഥ്വിരാജിനോടും എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഈ രണ്ടുപ്രതിഭകളും ഒന്നിച്ചില്ലായിരുന്നെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു. ഈ സിനിമയുടെ കരുത്ത് മനസിലാക്കി ഞങ്ങള്‍ക്കൊപ്പം പങ്കാളിയായ ലൈക്ക പ്രൊഡക്ഷന്‍സിനും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. അവസാനമായി ഈ ചിത്രം പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തി അതിന്‍റെ നിയോഗം സാക്ഷാത്കരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ കുടുംബത്തിന്‍റെയും എംപുരാന്‍ ടീമിന്‍റെയും നിങ്ങള്‍ പ്രേക്ഷകരുടെയും പിന്തുണയില്ലായിരുന്നെങ്കില്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളെയും ഒപ്പം കൂട്ടണമെന്ന് അഭ്യര്‍ഥിക്കുന്നു' എന്നാണ് ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ട് കൊണ്ടു പങ്കുവച്ച പോസ്റ്ററിനൊപ്പം ആന്‍റണി പെരുമ്പാവൂര്‍ കുറിച്ചത്.