unni-mukundan

റിലീസ് ചെയ്യുന്നതിന് മുന്‍പ് വന്‍ ചർച്ചയായിക്കഴിഞ്ഞു ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതു വരെ വന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

 

ഏറ്റവും ഒടുവിൽ മാര്‍ക്കോയുടെ മൂന്ന് ഗാനങ്ങൾ ഒരേ സമയം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചു. 'ബ്ലഡ്' എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി. ആദ്യം പുറത്തിറങ്ങിയത് ഡബ്സി പാടിയ വേര്‍ഷനായിരുന്നു. എന്നാല്‍ ഡബ്സിയുടെ ശബ്ദം പോര എന്ന തരത്തിൽ ചര്‍ച്ചകൾ വന്നതിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ സന്തോഷ് വെങ്കി പാടിയ വേര്‍ഷന്‍ പുറത്തിറക്കി.

 

ഒരേ പാട്ട് രണ്ട് ഗായകരുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയിട്ടും ഗാനം ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. ഒന്നാം സ്ഥാനം സ്വന്തമാക്കിയത് സന്തോഷ് വെങ്കിയുടെ വേര്‍ഷനായിരുന്നെങ്കിലും ഡബ്ലിയു വേർഷൻ രണ്ടാം സ്ഥാനത്തുണ്ട്. ബേബി ജീന്‍ പാടിയ 'മാര്‍പ്പാപ്പ' എന്ന ഗാനമാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. ഈ മൂന്ന് ഗാനങ്ങളും യുട്യൂബില്‍ മ്യൂസിക് വിഭാഗത്തിൽ ട്രെന്‍ഡിങ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഒരേ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരികയെന്നത അപൂര്‍വ്വമാണ്.

 

രവി ബസ്രൂർ ആണ് ചിത്രത്തിന്റെ സംഗീതം. ക്യൂബ്സ് എന്റർടൈൻമെൻസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോയുടെ നിർമാണം. മലയാളത്തിലെ ‘മോസ്റ്റ് വയലന്‍റ്’ ചിത്രം എന്ന വിശേഷണത്തോടെയാണ് ഈ ആക്ഷൻ ത്രില്ലർ എത്തുന്നത്. കലൈ കിങ്ങ്സ്റ്റണാണ് സംഘട്ടനസംവിധാനം. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് , അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 5 ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ക്രിസ്മസിനാണ് റിലീസ്.