നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.‘ബേബി ഗേള്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബോബി -സഞ്ജയ് ആണ്.
രാജേഷ് പിള്ള സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ച റോഡ് ത്രില്ലർ ചിത്രം ട്രാഫിക്കിന്റെ രചനയും ബോബി സഞ്ജയ് ആയിരുന്നു.ട്രാഫിക്ക് ടീമുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ബേബി ഗേളി’നുണ്ട്.
14 വർഷങ്ങൾക്ക് ശേഷമാണ് ഈ ടീമിന്റെ ഒത്തു ചേരല്‍.ത്രില്ലർ മൂഡിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് ഗോപി- ബിജു മേനോൻ കോമ്പോയിലെത്തിയ ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ്.
കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടന്‍ പുറത്ത് വിടും.
കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് നിർമ്മിച്ച് , കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന, രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരൂഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരേസമയം കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായിരിക്കുകയാണ് ലിസ്റ്റിൻ. പുതുവർഷമായ 2025ൽ മാജിക് ഫ്രെയിസിന്റേതായി ഇനിയും ഒരുപിടി ചിത്രങ്ങളുടെ അനൗൺസ്മെന്റുകൾ ഉണ്ടാകുമെന്നാണ് അറിവ്.