kamal-haasan-meets-thalavan-team

TOPICS COVERED

മലയാള ത്രില്ലര്‍ ചിത്രമായ ‘തലവന്‍’ സിനിമയ്ക്ക് പ്രശംസയുമായി ഉലകനായകന്‍ കമല്‍ഹാസന്‍. ആസിഫ് അലി, ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത് ചിത്രം ഇതിനോടകം തന്നെ പ്രേഷകരും ഏറ്റെടുത്തു. ചെന്നൈയിലെ തന്‍റെ ഓഫീസിലേക്ക് തലവന്‍ ടീമിനെ വിളിച്ചുവരുത്തിയായിരുന്നു ഉലകനായകന്‍റെ അഭിനന്ദനം.

ഇന്ത്യന്‍ സിനിമയിലെ വിസ്മായ താരമായ കമല്‍ഹാസന്‍റെ അംഗീകാരത്തിനപ്പുറം തങ്ങള്‍ക്ക് ഒന്നും കിട്ടാനില്ലെന്നായിരുന്നു തലവന്‍ സംഘത്തിന്‍റെ മറുപടി. ബുധനാഴ്ച്ചയായിരുന്നു അവരെ തേടി കമല്‍ഹാസന്‍റെ സന്ദേശമെത്തിയത്. ഉടന്‍ തന്നെ ചെന്നൈയിലെത്തിയ അവര്‍ വ്യാഴാഴ്ച്ച തന്നെ കമല്‍ഹാസനെ കണ്ടു. ഷൂട്ടിങ് തിരക്കുള്ളതിനാല്‍ ബിജു മേനോന് എത്താന്‍ സാധിച്ചിരുന്നില്ല, എങ്കിലും അദ്ദേഹത്തെയും സന്തോഷം അറിയിക്കണമെന്ന് കമല്‍ഹാസന്‍ ഓര്‍മിപ്പിച്ചു.

കമല്‍ഹാസനൊപ്പം ഭക്ഷണം കഴിക്കുന്നതിന്‍റെയും മറ്റും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ്.ഫ്യൂച്ചർ റൺ അപ് ഫിലിംസിന്റെ അനൂപ് കുമാർ വഴിയാണ് തലവൻ ടീം കമൽ ഹാസനെ നേരിട്ട് കണ്ടത്. വളരെയധികം പ്രേഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമാണ് തലവന്‍. അടുത്തകാലത്തിറങ്ങിയ മികച്ച ത്രില്ലറുകളിലൊന്ന്.

അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച തലവന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്. ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിങ് സൂരജ് ഇ.എസ്., കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോ. ഡയറക്ടർ സാഗർ, അസോ. ഡയറക്ടേർസ് ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത് കെ.എസ്., പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.

ENGLISH SUMMARY:

Kamal Haasan meets team Thalavan to congratulate, for the movie was such a big success