സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രം 'കങ്കുവ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. സൂര്യ നായകനാകുന്ന ചിത്രം ഒരുക്കുന്നത് പ്രശസ്ത സംവിധായകൻ ശിവയാണ്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ തയാറാകുന്ന കങ്കുവയുടെ നിര്‍മാണച്ചെലവ് 350 കോടി രൂപയാണ്. ആഗോളതലത്തില്‍ 38 ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതെന്നാണ് വിവരം. നവംബര്‍ 14ന് കങ്കുവ തിയറ്ററുകളിലെത്തും.
ഒക്ടോബര്‍ പത്തിന് റിലീസ് ചെയ്യാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അതേ ദിവസം തന്നെ രജനികാന്ത് ചിത്രം വേട്ടൈയന്‍റെ റിലീസും നിശ്ചയിച്ചു. ഇതോടെ കങ്കുവയുടെ റിലീസ് മാറ്റാന്‍ അണിയറ പ്രര്‍ത്തകര്‍ തീരുമാനിച്ചു. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ.ഇ.ജ്ഞാനവേൽ രാജ, യു.വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ദ് ബാറ്റില്‍ ഓഫ് പ്രൈഡ് ആന്‍ഡ് ഗ്ലോറി, ഫോര്‍ ദ് വേള്‍ഡ് ടു വിറ്റ്നസ്' എന്ന അടിക്കുറിപ്പോടെയാണ് കങ്കുവയുടെ റിലീസ് തിയതി ഉള്‍പ്പെട്ട പോസ്റ്റര്‍ പുറത്തുവിട്ടത്.
സൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് കങ്കുവ. ശിവയ്ക്കൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ തിയേറ്ററുകളിലെത്തിക്കുന്നത്.