ബിഗ് സ്ക്രീനില്‍ വീണ്ടും ഒന്നിക്കാനൊരുങ്ങി തമിഴ് നടന്‍ ധനുഷും നിത്യ മേനോനും. ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡലി കടൈ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷിനൊപ്പം നിത്യ മേനോന്‍ നായികയായെത്തിയ തിരുച്ചിത്രമ്പലം വമ്പന്‍ ഹിറ്റ് ആയിരുന്നു. നിത്യ മേനോന് മികച്ച നടിക്കുളള ദേശീയ പുരസ്കാരം നേടിക്കൊടുത്തതും തിരുച്ചിത്രമ്പലമാണ്. ഇതോടെ ഭാഗ്യജോഡികള്‍, സൂപ്പര്‍ ജോഡികള്‍ എന്നൊക്കയാണ് തമിഴ് സിനിമാലോകം ധനുഷ് നിത്യ കോംമ്പോയെ വിശേഷിപ്പിക്കുന്നത്.
ഇഡലി കടൈയില്‍ ധനുഷിനൊപ്പം അഭിനയിക്കുന്ന വിവരം നിത്യ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. പുതിയ പ്രഖ്യാപനം എന്ന അടിക്കുറിപ്പോടെ ധനുഷിനൊപ്പം ചായ കുടിക്കുന്ന ചിത്രവും നിത്യ പങ്കുവച്ചു. ചിത്രത്തിന്‍റെ പേരും നിത്യ ടാഗ് ചെയ്തിരുന്നു. നിത്യയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സ്വാഗതം എന്ന കമന്‍റുമായി ധനുഷും രംഗത്തെത്തി. രായൻ എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകൻ്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണ് ഇഡലി കടൈ. അതേസമയം ഭാഗ്യ ജോഡികള്‍ വീണ്ടുമൊന്നിക്കുന്നതിന്‍റെ സന്തോഷത്തിലാണ് തമിഴ് സിനിമാപ്രേമികള്‍.