തിയറ്ററില്‍ വന്‍വിജയക്കുതിപ്പ് തുടരുകയാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2: ദ് റൂള്‍. തെന്നിന്ത്യ മാത്രമല്ല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ 1000 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്‍റേതായി ഒന്നര വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ആദ്യ പ്രൊമോയിലെ ചില രംഗങ്ങളാണ് സൈബറിടത്ത് ചര്‍ച്ചയായിമാറിയിരിക്കുന്നത്.
തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെവിടെ എന്ന് ചോദിച്ചുകൊണ്ടാണ് പ്രൊമോ വിഡിയോ ആരംഭിക്കുന്നത്. 3 മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയോയുടെ അവസാനം കാടിനുളളില്‍ കടുവയ്ക്ക് തൊട്ടടുത്തായി നില്‍ക്കുന്ന പുഷ്പയെ കാണിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ 9 കോടിയിലധികം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. എന്നാല്‍ പുഷ്പ 2വില്‍ ഈ പ്രൊമോയുടെ രംഗങ്ങളോ അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളോ ഇല്ല. സിനിമ കണ്ടിറങ്ങിയവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യവും ഈ രംഗത്തെ കുറിച്ചാണ്.
അതേസമയം പുഷ്പയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടാണ് പുഷ്പ 2 അവസാനിക്കുന്നത്. പുഷ്പ 3: ദ് റാംപേജ് എന്നാണ് മൂന്നാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ഒരുപക്ഷേ ഈ പ്രൊമോ പുഷ്പ 3യുമായി ബന്ധപ്പെട്ടതാം എന്നാണ് പ്രേക്ഷകരുടെ നിഗമനം. ഇത് സംബന്ധിച്ച് ചിത്രത്തിന്‍റെ സംവിധായകനോ അണിയറപ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് പുഷ്പ സീരീസിനെ വിശേഷിപ്പിക്കുന്നത്. അല്ലു അര്‍ജുനൊപ്പം തന്നെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലിനും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുനും ഫഹദ് ഫാസിലിനും പുറമെ രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സുകുമാർ ബന്ദ്റെഡ്ഡിയാണ്.