coolie-movie

Image Credit: https://www.instagram.com/p/DD_SXJ_JxT4/

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായെത്തുന്ന കൂലി. തലൈവര്‍ പ്രധാനവേഷത്തിലെത്തുന്ന മാസ് പടം എന്നതിനൊപ്പം തന്നെ ലോകേഷ് കനകരാജ് എന്ന പേരും ചിത്രത്തിന്‍റെ പ്രതീക്ഷ വാനോളമുയര്‍ത്തുന്നു. കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ വമ്പന്‍ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ഇപ്പോഴിതാ ചിത്രത്തില്‍ രജനികാന്തിനൊപ്പം പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു താരത്തെ കുറിച്ചുളള വാര്‍ത്തകളാണ് സൈബറിടത്ത് ചര്‍ച്ചയാകുന്നത്. ചിത്രത്തിനായി അദ്ദേഹം വലിയ തരത്തിലുളള മേക്കോവറാണ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂനിയര്‍ എംജിആര്‍ ആണ് കൂലിയില്‍ രജനികാന്തിനൊപ്പമെത്തുന്ന ആ താരം. 23 കിലോയാണ് ലോകേഷ് ചിത്രത്തിനായി ജൂനിയര്‍ എംജിആര്‍ കുറച്ചത്. 158 കിലോയില്‍ നിന്നും 135 കിലോയിലേക്ക് ശരീരഭാരം കുറച്ചാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കൂലിയിലേക്കുളള വരവിന് കാരണം രജനികാന്ത് ആണെന്നും താരം പറയുന്നു. ലോകേഷിനൊപ്പം നില്‍ക്കുന്ന ചിത്രവും താരം മാസങ്ങള്‍ക്കു മുന്‍പേ പങ്കുവച്ചിരുന്നു. 

അതേസമയം ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ അതിഥി വേഷത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും എത്തുന്നുണ്ട്. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സന്ദീപ് കിഷൻ എന്നിവരാണ് ചിത്രത്തില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.