മുടി മുറിച്ച് പുത്തൻ ലുക്കിലാണ് ഗായിക സിതാര. എന്നാൽ, മുടിയെക്കുറിച്ച് സംസാരിക്കാൻ തെല്ലും താൽപര്യമില്ല.  ശിശുദിനത്തിൽ മുടി മുറിച്ച പുതിയ രൂപത്തിലാണ് ആരാധകര്‍ക്ക് മുന്നില്‍ സിതാര എത്തിയത്. മുടിയുടെ നീളം, തൊലിയുടെ നിറം, ശബ്ദത്തിന്റെ കനം മുതലായവ നിര്‍വചിക്കുന്ന, നിര്‍ണയിക്കുന്ന മലയാളി സ്ത്രീത്വം എന്ന മണ്ടന്‍ ആശയത്തില്‍ വിശ്വാസം തെല്ലുമില്ല. സ്വയംപാടി അഭിനയിച്ച 'കണ്‍കള്‍ നീയേ കാട്രും നീയേ' എന്ന ഗാനത്തെ കുറിച്ച് ആരാധകരുമായി തത്സമയം സംവദിക്കാനെത്തിയതായിരുന്നു സിതാര. അതിനിടെയാണ് ആരാധകർ മുടി മുറിച്ചതിനെ കുറിച്ച് ചോദ്യം ഉന്നയിച്ചത്.

 

മുറിച്ച മുടിയെ കുറിച്ച് പറയുന്ന നേരം മുറിക്കപ്പെട്ട മരങ്ങളെ കുറിച്ച് പറയാമെന്നും സിതാര പറയുന്നു. 

 

 

സിതാരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

 

തികച്ചും വ്യക്തിപരമായ ഒരു വിശ്വാസത്തിന്റെ പേരില്‍, ഒരു പ്രിയ സുഹൃത്തിന് കൂട്ടായി ചെയ്തതാണീ രൂപമാറ്റം...!!! കാരണം എന്തോ ആവട്ടെ മുടിയുടെ നീളം, തൊലിയുടെ നിറം, ശബ്ദത്തിന്റെ കനം മുതലായവ നിര്‍വചിക്കുന്ന, നിര്‍ണയിക്കുന്ന മലയാളി സ്ത്രീത്വം എന്ന മണ്ടന്‍ ആശയത്തില്‍ വിശ്വാസം തെല്ലുമില്ല, അത് പറയുന്നവരോട് സ്വല്‍പം അസ്വസ്ഥതയും തോന്നുന്നു! ഒരു നിമിഷാര്‍ദ്ധം കൊണ്ട് മാറിയേക്കാവുന്നതല്ലേ നമ്മള്‍ പരിചയിച്ച സ്വയംരൂപങ്ങള്‍!?!

 

മുറിച്ച മുടിയുടെ കുറിച്ച് പറയും നേരം നമുക്ക്, മുറിക്കപ്പെട്ട മരങ്ങളെക്കുറിച്ച് മിണ്ടാം!! വാടി പോയ നിറത്തെക്കുറിച്ച് പറയുന്നതിനു പകരം ഇരുണ്ടുപോയ നദികളെ കുറിച്ച് പറയാം !!! ആകാശത്തെ പറ്റി, ഭൂമിയെ പറ്റി, വിശക്കുന്ന കുഞ്ഞുങ്ങളെ പറ്റി, യുദ്ധങ്ങളെപറ്റി, വന്നേക്കാവുന്ന സമാധാനത്തെ പറ്റി, സൗഹൃദത്തെ പറ്റി , മനുഷ്യരെപ്പറ്റി, പാട്ടുകളെ പറ്റി അങ്ങനെ അങ്ങനെ എന്തെല്ലാം പറയാം!! വാക്കുകള്‍ കൊണ്ട് പരസ്പരം വേദനിപ്പിക്കാതെ നമുക്ക് സംസാരിച്ച് തെളിച്ചം കണ്ടെത്താം.!!