നിങ്ങളിന്നുണ്ടായിരുന്നെങ്കില്‍, മനോഹരവാക്കാണത്. ഒട്ടേറെ നിര്‍വചനങ്ങള്‍ നല്‍കാനാവുന്ന വാക്ക്. മലയാള സിനിമയില്‍ ആ പേര് കേള്‍ക്കുമ്പോഴെല്ലാം ഇൗവാക്ക് സ്വയം ചോദിച്ചുപോകാത്ത മലയാളികള്‍ കുറവാണ്. താരമായിട്ടല്ല ഒരു ജനതയുടെ പ്രതീകമായികുന്നു അയാള്‍. ചോരത്തിളപ്പിന്റെ പ്രതിരൂപം. സാഹസിതകയുടെ കൂടുംതേടി പായുമ്പോള്‍ കാലം കണ്ണുവച്ചതറിഞ്ഞിരുന്നില്ല ജയന്‍. മുപ്പതിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളിളക്കത്തിന്റെ ലൊക്കേഷനിലേക്ക് മരണം രംഗബോധമില്ലാതെ കടന്നുവന്നതും കാലത്തിന് തോന്നിയ അസൂയയല്ലാതെ മറ്റെന്താണ്?
ഒരു തേരോട്ടം തന്നെയായിരുന്നു ആ ജീവിതം. പിടിച്ച് നിര്‍ത്താനാവാത്ത അശ്വത്തെ പോലെ പൗരുഷത്തിന്റെ പര്യായമായി ജയന്‍ എന്ന മൂന്നക്ഷരം. സൈനിക സേവനത്തിനുശേഷം കൊല്ലത്തുകാരനായ കൃഷ്ണന്‍ നായര്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നുകയറിയത് പെട്ടെന്നുണ്ടായ ഒരുവെളിപാടിന്റെ പുറത്തല്ല. സിനിമയോടും അഭിനയത്തോടുമുള്ള കമ്പം ആ മനുഷ്യനില്‍ അത്രകണ്ട് നിറഞ്ഞുനിന്നു.
എഴുപതുകളുടെ തുടക്കത്തിലാണ് ജയന്‍ എന്ന താരകത്തിന്റെ ഉദയം. 1974ല്‍ പുറത്തിറങ്ങിയ ശാപമോക്ഷം ആദ്യ ചിത്രം. ചെറിയ വേഷങ്ങളിലൂടെ നിലയുറപ്പിച്ചു. പിന്നീട് പ്രതിനായകവേഷത്തിലേക്ക്. അവിടെ നിന്നും ആരുംകൊതിക്കുന്ന നായകസ്ഥാനത്തേക്കുള്ള പടയോട്ടം. ശരപഞ്ജരത്തിലൂടെ മലയാള സിനിമയുടെ അമരത്ത് ആ ജയമുദ്ര കാലാതീതമായി പതിഞ്ഞു.
ആണഴകിന്റെ പ്രതിരൂപമായിരുന്നു ജയന്‍. എഴുപതുകളില്‍ മലയാളി യുവത്വത്തിന്റെ അടയാളമായി മാറി ഇൗ ചടുലഭാവം. ഗംഭീരശബ്ദവും സ്റ്റെലുമെല്ലാം മടുക്കാതെ പലതലമുറകള്‍ കെട്ടിയാടി. ജയമാനറിസങ്ങള്‍ അവര്‍ തങ്ങളിലേക്ക് ആവാഹിക്കുകയായിരുന്നു എന്നതാണ് സത്യം. അങ്ങാടി എന്ന ചിത്രം കൂടി പുറത്തുവന്നതോടെ ആ ജനപ്രീതിക്ക് കിരീടവും ചെങ്കോലും കൈവന്നു. സാധാരണക്കാരന്റെ വികാര വിചാരങ്ങളെ അവതരിപ്പിച്ച് ജയന്‍ അവരിലൊരാളായിമാറി.
ക്ഷുഭിതയൗവനമായി മാത്രമായിരുന്നില്ല ആ പകര്‍ന്നാട്ടങ്ങള്‍. എത് കരിമ്പാറയുടെ ഉള്ളിലും ഒരു നീരുവ ഉണ്ടാകുമെന്ന പോലെ. പൗരുഷ കരുത്തിന്റെ അങ്ങേതലയ്ക്കല്‍ നില്‍ക്കുമ്പോഴും പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങളും ജയനിലൂടെ പ്രേക്ഷകന്‍ കണ്ടു. എല്ലാ സുരക്ഷാസംവിധാനമൊരുക്കിയാലും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജയന്‍ ഡ്യൂപ്പില്ലാതെ അനശ്വരമാക്കിയ സംഘടനരംഗങ്ങള്‍ ഇന്നും പല താരങ്ങള്‍ക്കും അന്യമാണ്. ജീവനെക്കാളേറെ സിനിമയെ സ്നേഹിച്ച്, കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള ആ പ്രതിഭയാണ് ജയന്‍ എന്ന നടന്റെ മൂലധനം.
കേവലം ആറുവര്‍ഷങ്ങള്‍ക്കുള്ളില്‍ ജയന്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാക്കിയത് ചിത്രങ്ങളുടെയെണ്ണം നൂറോളം വരും. അതുകൊണ്ട് കൂടിയാവാം കാലം ആ പ്രതിഭയെ കണ്ണുവച്ചത്. നാല്‍പത്തിയൊന്നാം വയസില്‍ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനകോടികളുടെ മിന്നും താരത്തെ കാലം മാറോടണച്ചു. വിണ്ണിലെ നൂറുകോടി നക്ഷത്രങ്ങള്‍ക്കിടയില്‍ ഒരേയൊരു സൂര്യനേയുള്ളൂ. അതുപോലെ ഇവിടെ ഇൗ മണ്ണിലെ താരങ്ങള്‍ക്കിടയില്‍ നിന്ന് നട്ടുച്ചയ്ക്ക് അസ്മയിച്ച ആ സൂര്യന്റെ വേര്‍പാട് നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ഇന്നും ആരാലും അനുകരിക്കാനാവാതെ ശോഭിക്കുന്നു.